അറ്റ്ലാന്റ: അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. അറ്റ്ലാന്റ മുന്‍ മേയറായ 56കാരിയായ ബോട്ടംസ് വിജയിച്ചതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായി. അസോസിയേറ്റഡ് പ്രസ് ആണ് വിജയം പ്രവചിച്ചത്. 25 വര്‍ഷത്തിലേറെയായി ജോര്‍ജിയയില്‍നിന്ന് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡെമോക്രാറ്റ് എന്ന നേട്ടവും ബോട്ടംസ് സ്വന്തമാക്കി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും ശതകോടീശ്വര വ്യവസായിയുമായ റിക്ക് ജാക്സണെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ഒരുകാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച സ്വാധീനമേഖലയായിരുന്ന ജോര്‍ജിയ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇരു പാര്‍ട്ടികള്‍ക്കും തുല്യമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന സംസ്ഥാനമായി മാറിയതിന്റെ സൂചനയായും ഈ വിജയം വിലയിരുത്തപ്പെടുന്നു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയായാണ് ബോട്ടംസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ടുവര്‍ഷം മുമ്പ് ട്രംപ് വിജയിച്ച സംസ്ഥാനത്ത് അദ്ദേഹത്തിനെതിരായ ജനവികാരം പ്രയോജനപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. 2020ലെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ നടത്തിയ നീക്കങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റാരോപണങ്ങളും ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച പല സ്ഥാനാര്‍ഥികളും സംസ്ഥാനത്ത് പരാജയപ്പെട്ടതും പ്രചാരണത്തില്‍ ചര്‍ച്ചയായി. വിലക്കയറ്റം, ഇന്ധനവില വര്‍ധന, താങ്ങാനാവുന്ന ആരോഗ്യപരിരക്ഷയുടെ ലഭ്യതക്കുറവ്, ഇറാനുമായുള്ള ജനപിന്തുണ കുറഞ്ഞ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് ഭരണകൂടത്തിനെതിരെ ഉയര്‍ന്ന അതൃപ്തി വോട്ടാക്കി മാറ്റാനാണ് ബോട്ടംസ് ശ്രമിച്ചത്.
വോട്ടവകാശ സംരക്ഷണവും ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും അവര്‍ പ്രചാരണത്തിലെ പ്രധാന വിഷയങ്ങളാക്കി. വോട്ടവകാശ നിയമത്തിന്റെ ശേഷിക്കുന്ന പല വ്യവസ്ഥകളുടെയും സംരക്ഷണം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെയും ബോട്ടംസ് നിലപാടെടുത്തു. നേരത്തേ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകള്‍ നേടിയ മുന്നേറ്റത്തിനു പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വോട്ടിങ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതും കറുത്തവര്‍ഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു.
2018 മുതല്‍ 2022 വരെ അറ്റ്ലാന്റ മേയറായിരുന്ന കാലത്തെ ഭരണനടപടികളും നഗരത്തിലെ കുറ്റകൃത്യങ്ങളുടെ വര്‍ധനയും ബോട്ടംസിനെതിരെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്തുണ കുറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ വീണ്ടും മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നില്ല. സംസ്ഥാനതല തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അവരുടെ സാധ്യതയെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍പ്പോലും ചിലര്‍ സംശയിച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റിക് െ്രെപമറിയില്‍ എതിരാളികളെ പിന്തള്ളി നേരിട്ട് വിജയിച്ചതോടെ റണ്‍ഓഫ് ഒഴിവാക്കാനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിനു മുമ്പ് സ്വതന്ത്ര വോട്ടര്‍മാരെ സമീപിക്കാനും അവര്‍ക്ക് സാധിച്ചു.
രാഷ്ട്രീയരംഗത്ത് പുതുമുഖമായിരുന്ന റിക്ക് ജാക്സണും അപ്രതീക്ഷിതമായാണ് ഗവര്‍ണര്‍ മത്സരത്തിലേക്ക് എത്തിയത്. ദാരിദ്ര്യത്തിലും അവഗണനയിലും ബാല്യം ചെലവഴിച്ച് വളര്ത്തുപരിചരണ കേന്ദ്രങ്ങളിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോയ ശേഷം ജോര്‍ജിയയിലെ സമ്പന്നരില്‍ ഒരാളായി മാറിയെന്ന ജീവിതകഥയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണത്തിലെ പ്രധാന ആകര്‍ഷണം. മെഡിക്കല്‍ ജീവനക്കാരെ ലഭ്യമാക്കുന്ന സ്ഥാപനങ്ങളിലൂടെയും റിയല്‍ എസ്റ്റേറ്റ്, ടെക്സസിലെ ഡാറ്റാ സെന്റര്‍, മതാധിഷ്ഠിത സിനിമാ നിര്‍മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളിലൂടെയുമാണ് അദ്ദേഹം സമ്പത്ത് നേടിയത്. സ്വന്തം പണത്തില്‍നിന്ന് 100 ദശലക്ഷം ഡോളറിലധികം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചെങ്കിലും ബോട്ടംസിനെ മറികടക്കാനായില്ല. ഹെമ്ലൃ്യ, വംശീയ വേര്‍തിരിവ്, പൗരാവകാശ പോരാട്ടം എന്നിവയുടെ ചരിത്രം ആഴത്തില്‍ സ്വാധീനിച്ച ജോര്‍ജിയയില്‍ ഒരു കറുത്തവര്‍ഗക്കാരി ഗവര്‍ണറാകുന്നത് അമേരിക്കന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ചരിത്രനേട്ടമായി.
ജോര്‍ജിയയില്‍ ചരിത്രവിജയവുമായി കീഷ ലാന്‍സ് ബോട്ടംസ്; അമേരിക്കയില്‍ ഗവര്‍ണറാകുന്ന ആദ്യ കറുത്തവര്‍ഗക്കാരി
