അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ


ഡെൻവർ: അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് വിമാനത്തിൽ തീ പടർന്നത്. കൊളറാഡോ സ്പ്രിംഗ്‌സിൽ നിന്നും ഡാളസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനം എഞ്ചിൻ തകരാറുമൂലം വഴി തിരിച്ചുവിട്ടതിനെ തുടർന്ന് ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്നാണ് എഞ്ചിനിൽ നിന്നും തീ പടർന്നത്. ആറ് ജീവനക്കാർ ഉൾപ്പെടെ 178 പേർ വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഒരു വീഡിയോയിൽ, വിമാനം ഒഴിപ്പിക്കുന്നതിനിടെ യാത്രക്കാരെ വിമാനത്തിന്റെ ചിറകിലേക്ക് നിർബന്ധിതമായി ഇറക്കിയതായി കാണാം. വിമാനത്തിൽ നിന്ന് പുക ഉയർന്നുവരുന്നതും തീ നാളങ്ങൾ ഉയരുന്നതും കാണാം.

തീ പൂർണമായും അണച്ചു. സംഭവത്തിൽ ആർക്കും പരുക്കുണ്ടായതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന് കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.  അതേസമയം, അമേരിക്കയിൽ വിമാന അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അമേരിക്കൻ എയർലൈൻസിന്റെ തന്നെ റീജിയണൽ ജെറ്റും അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹേലികോ്ര്രപറും ആകാശത്തുവെച്ച് കൂട്ടിയിടിച്ച് 67 പേർ മരണപ്പെട്ടത് അടുത്തിടെയായിരുന്നു,