വാഷിംഗ്ടൺ: ഇറാൻ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്താത്തിടത്തോളം പൂർണതോതിലുള്ള യുദ്ധത്തിലേക്ക് മടങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സമീപകാല സൈനിക ഏറ്റുമുട്ടലുകൾക്കും നയതന്ത്ര സംഘർഷങ്ങൾക്കും പിന്നാലെയാണ് ട്രംപിന്റെ നിലപാട് പുറത്തുവന്നത്.
ചെറിയ തോതിലുള്ള ആക്രമണങ്ങളും തിരിച്ചടികളും ആഴ്ചകളോ മാസങ്ങളോ നീണ്ടാലും അത് സഹിക്കാൻ താൻ തയ്യാറാണെന്നും, സമ്പൂർണ യുദ്ധം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് തന്റെ അടുത്ത വൃത്തങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭ പ്രതീകാത്മക പ്രമേയവും പാസാക്കി.
വെടിനിർത്തലിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശവും ശ്രദ്ധനേടി. 'ലോകത്തിന്റെ ആ ഭാഗത്ത് വെടിനിർത്തൽ എന്നത് വെടിവയ്പ്പ് പൂർണമായി നിർത്തുന്നതല്ല, മറിച്ച് കൂടുതൽ മിതമായ രീതിയിൽ വെടിവയ്പ്പ് നടത്തുന്നതാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിലവിലെ ആക്രമണപ്രത്യാക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, 'ടാംഗോ നൃത്തത്തിന് രണ്ടുപേർ വേണം. ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു, അതിന് അവർ പ്രതികരിക്കുകയായിരുന്നു,' എന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ആക്രമണങ്ങൾ പ്രത്യാക്രമണ സ്വഭാവമുള്ളതാണെന്ന് വിശദീകരിച്ചു. ഇറാൻ ആദ്യം നടപടിയെടുക്കുമ്പോഴാണ് അമേരിക്ക പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്ക-ഇറാൻ ചർച്ചകൾ ഇപ്പോഴും പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ. കരാർ അടുത്തെത്തിയെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും പ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് ലഭിക്കാതെ ആണവ വിഷയത്തിൽ ചർച്ചകൾ മന്നോട്ടുകൊണ്ടുപോകില്ലെന്നാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇറാൻ സമ്മർദത്തിന് വഴങ്ങിയിട്ടില്ലെന്നും അതിനാൽ ട്രംപ് ദുഷ്‌കരമായ സാഹചര്യത്തിലാണെന്നും മധ്യപൂർവേഷ്യ വിഷയങ്ങളിൽ വിദഗ്ധനായ സ്റ്റീവൻ കുക്ക്, വിലയിരുത്തി. യുദ്ധത്തിൽ നിന്ന് പിന്മാറുന്നതും തുടരുന്നതും ഒരപോലെ വെല്ലുവിളിയാകുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇറാൻ അമേരിക്കൻ സൈനികരെ കൊല്ലാത്തിടത്തോളം സമ്പൂർണ യുദ്ധമില്ല'; വെടിനിർത്തലിനും പുതിയ വ്യാഖ്യാനവുമായി ട്രംപ്
