വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി പൂർണതോതിൽ യുദ്ധം പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, തങ്ങളുടെ സൈനികനെ ആരെയെങ്കിലും ഇറാൻ കൊലപ്പെടുത്തിയാൽ വെടിനിർത്തൽ കരാർ അവസാനിപ്പിക്കാനും പൂർണതോതിലുള്ള യുദ്ധം ചെയ്യാനും മടക്കില്ലെന്നും ട്രംപ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായി അദ്ദേഹത്തിന്റെ വിശ്വസ്തനെ ഉദ്ദരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങളും ഉണ്ടായിരുന്നിട്ടും മിഡിൽ ഈസ്റ്റ് സംഘർഷം വീണ്ടും ആളിക്കത്തിക്കാൻ അദ്ദേഹം വിമുഖത കാണിക്കുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ ശത്രുത വീണ്ടും ഉടലെടുക്കുകയും അവിടവിടെയായി വെടിനിർത്തൽ ലംഘനമുണ്ടാവുകയും ചെയ്തതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഏപ്രിലിൽ നിലവിൽവന്ന വെടിനിർത്തൽ കരാറിൽ, യു.എസിന്റെ പ്രാദേശിക വസ്തുവകകളെയും ഗൾഫിലെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള മിസൈൽ, ഡ്രോൺ ആക്രമങ്ങൾ ഒഴിവാക്കാൻ ധാരണയായിരുന്നു.
ഇറാനുമായി പൂർണതോതിലുള്ള യുദ്ധം ഉദ്ദേശിക്കുന്നില്ല: ട്രംപ്
