ന്യൂയോർക്ക്: ലോകത്തിലെ ആദ്യ ട്രില്യണയർ എന്ന നേട്ടം സ്വന്തമാക്കി ദിവസങ്ങൾക്കകം ശതകോടീശ്വരൻ ഇലോൺ മസ്‌കിന് വൻ സാമ്പത്തിക തിരിച്ചടി. സ്‌പേസ്എക്‌സ് ഓഹരിവിലയിൽ ഉണ്ടായ കുത്തനെ ഇടിവിനെ തുടർന്ന് മസ്‌കിന്റെ വ്യക്തിഗത സമ്പത്തിൽ ഒരാഴ്ചക്കിടെ 350 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ.
ഫോർബ്‌സ് കണക്കുകൾ പ്രകാരം മസ്‌കിന്റെ ആസ്തി മൂല്യം 1.45 ട്രില്യൺ ഡോളറിൽ നിന്ന് 1.1 ട്രില്യൺ ഡോളറിന് താഴെയായി. ചരിത്രത്തിൽ ഒരാളുടെ സമ്പത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിതെന്നാണ് വിലയിരുത്തൽ.
ഈ മാസം ആദ്യം സ്‌പേസ്എക്‌സിന്റെ ഓഹരി വിപണി പ്രവേശനത്തിന് പിന്നാലെയായിരുന്നു മസ്‌ക് ട്രില്യണയർ പദവിയിലെത്തിയത്. പ്രാരംഭ വ്യാപാര ദിവസങ്ങളിൽ കമ്പനിയുടെ ഓഹരികൾ 67 ശതമാനം വരെ ഉയർന്നതോടെ സ്‌പേസ്എക്‌സിന്റെ മൂല്യം 1.8 ട്രില്യൺ ഡോളർ കടന്നിരുന്നു.
എന്നാൽ പിന്നീട് തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 928 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. സ്‌പേസ്എക്‌സിന്റെ മൂല്യം 2.9 ട്രില്യൺ ഡോളറിൽ നിന്ന് രണ്ട് ട്രില്യൺ ഡോളറിന് മുകളിലേക്കാണ് ചുരുങ്ങിയത്.
എഐ നിക്ഷേപങ്ങളെച്ചൊല്ലി ആശങ്ക
കൃത്രിമ ബുദ്ധി (A-I) മേഖലയിൽ വൻ വികസന പദ്ധതികൾക്കായി കുറഞ്ഞത് 20 ബില്യൺ ഡോളർ സമാഹരിക്കുന്നതിനുള്ള ബോണ്ട് പദ്ധതി സ്‌പേസ്എക്‌സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരിവിപണിയിൽ വലിയ തിരിച്ചടി നേരിട്ടത്. കമ്പനിക്ക് 100 ബില്യൺ ഡോളറിലധികം പണശേഖരമുണ്ടെന്ന് അറിയിച്ചിട്ടും നിക്ഷേപകരുടെ ആശങ്ക മാറിയില്ല.
തിങ്കളാഴ്ച മാത്രം സ്‌പേസ്എക്‌സ് ഓഹരികൾ 16.4 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവാണിത്.
ആഗോള വിപണികളിലും പ്രതിഫലം
സ്‌പേസ്എക്‌സിനെയും എഐ മേഖലയെയും ചുറ്റിപ്പറ്റിയിരുന്ന നിക്ഷേപ ആവേശം കുറഞ്ഞതോടെ ആഗോള ഓഹരി വിപണികളിലും സമ്മർദ്ദം പ്രകടമായി. അമേരിക്കയിലെ നാസ്ഡാക് സൂചിക 1.3 ശതമാനം ഇടിഞ്ഞപ്പോൾ, ആൽഫബെറ്റ് ഓഹരികൾ 5 ശതമാനവും ആമസോൺ ഓഹരികൾ 4.8 ശതമാനവും താഴ്ന്നു.
ഏഷ്യൻ വിപണികളിലും തിരിച്ചടി ഉണ്ടായി. ദക്ഷിണ കൊറിയയിലെ കോസ്പി സൂചികയിൽ കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് വ്യാപാരം താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നു. ജപ്പാനിലെ നിക്കെയ് സൂചിക 3.6 ശതമാനം ഇടിഞ്ഞു.
സ്‌പേസ്എക്‌സിലെ 38 ശതമാനം ഓഹരി വിഹിതവും ടെസ്‌ല ഉൾപ്പെടെയുള്ള മറ്റ് കമ്പനികളിലെ നിക്ഷേപങ്ങളുമാണ് മസ്‌കിന്റെ സമ്പത്തിന്റെ പ്രധാന അടിസ്ഥാനം. അതിനാൽ ഓഹരി വിപണിയിലെ ചാഞ്ചാട്ടം അദ്ദേഹത്തിന്റെ ആസ്തി മൂല്യത്തിൽ നേരിട്ട് പ്രതിഫലിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ട്രില്യണയർ പദവി നേടിയതിന് പിന്നാലെ ഇലോൺ മസ്‌കിന് കനത്ത തിരിച്ചടി; ഒരാഴ്ചയിൽ നഷ്ടം 350 ബില്യൺ ഡോളർ
