തെറ്റായ വഴിതിരിഞ്ഞു; അഹമ്മദാബാദ് വിമാനത്താവളത്തിൽ നേർക്കുനേർ എയർ ഇന്ത്യയും ഇൻഡിഗോയും

തെറ്റായ വഴിതിരിഞ്ഞു; അഹമ്മദാബാദ് വിമാനത്താവളത്തിൽ നേർക്കുനേർ എയർ ഇന്ത്യയും ഇൻഡിഗോയും


അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനത്താവളത്തിൽ ടാക്‌സിവേയിൽ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും വിമാനങ്ങൾ നേർക്കുനേർ എത്തിയ സംഭവം ആശങ്കയുണർത്തി. എയർ ഇന്ത്യ വിമാനം തെറ്റായ വഴിയിലേക്ക് തിരിഞ്ഞതിനെ തുടർന്നാണ് സംഭവം ഉണ്ടായത്. എന്നാൽ രണ്ട് വിമാനങ്ങളും സുരക്ഷിത അകലത്തിൽ നിർത്തിയതിനാൽ അപകടം ഒഴിവായി.

ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മുംബൈയിൽ നിന്ന് എത്തിയ എയർ ഇന്ത്യയുടെ AI2493 വിമാനം ലാൻഡിംഗിന് ശേഷം ടാക്‌സിവേ സി, ജി വഴിയായി പാർക്കിങ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ തെറ്റായ വഴിയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇതിനിടെ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാൻ ടാക്‌സി ചെയ്തുകൊണ്ടിരുന്ന ഇൻഡിഗോയുടെ 6E5160 വിമാനത്തിന്റെ മുന്നിലേക്കാണ് എയർ ഇന്ത്യ വിമാനം എത്തിയത്. ഇരുവിമാനങ്ങളും സുരക്ഷിത അകലത്തിൽ നിർത്തിയതോടെ കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവായി. തുടർന്ന് ഇൻഡിഗോ വിമാനത്തോട് വഴിമാറി നൽകാൻ നിർദേശം നൽകി.

സംഭവം സ്ഥിരീകരിച്ച എയർ ഇന്ത്യ, യാത്രക്കാരുടെയോ ജീവനക്കാരുടെയോ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് അറിയിച്ചു. വിമാനം പിന്നീട് ടോ ചെയ്ത് പാർക്കിങ് ബേയിലേക്ക് മാറ്റിയതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.

ഇൻഡിഗോയും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. മറ്റൊരു എയർലൈൻ വിമാനത്തിന്റെ തെറ്റായ നീക്കത്തെ തുടർന്ന് തങ്ങളുടെ വിമാനത്തിന് അൽപസമയം വൈകേണ്ടിവന്നുവെന്നും രണ്ട് വിമാനങ്ങളും സുരക്ഷിത അകലത്തിൽ നിർത്തിയിരുന്നുവെന്നും കമ്പനി അറിയിച്ചു. തുടർന്ന് എയർ ഇന്ത്യ വിമാനം മാറ്റിയശേഷം ഇൻഡിഗോ വിമാനം യാത്ര തുടർന്നു മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയതായും അധികൃതർ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട വ്യോമയാന അധികൃതരെ ഉടൻ അറിയിച്ചതായും ഇരു വിമാനക്കമ്പനികളും അറിയിച്ചു. വിമാനത്താവളത്തിലെ ടാക്‌സിങ് നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും.