ഹിന്ദു വിശ്വാസത്തിൽ തന്നെ തുടരും; മതംമാറ്റ പ്രചരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഉഷ വാൻസ്

ഹിന്ദു വിശ്വാസത്തിൽ തന്നെ തുടരും; മതംമാറ്റ പ്രചരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഉഷ വാൻസ്


വാഷിങ്ടൺ: ഹിന്ദു വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്ക് മാറേണ്ട ആവശ്യം ഒരിക്കലും തോന്നിയിട്ടില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ്, വ്യക്തമാക്കി. അമേരിക്കൻ മാധ്യമമായ സിബിഎസ്-ന് നൽകിയ അഭിമുഖത്തിലാണ് ഉഷ വാൻസ് ഇക്കാര്യം തുറന്നുപറഞ്ഞത്.

കത്തോലിക്ക വിശ്വാസം സ്വീകരിച്ച ജെ.ഡി. വാൻസ് താൻ മതംമാറണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണയാണെന്ന് ഉഷ പറഞ്ഞു. 'അദ്ദേഹം കത്തോലിക്ക വിശ്വാസിയാണ്. തന്റെ വിശ്വാസം മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നത് ആ മതത്തിന്റെ ഭാഗമാണ്. എന്നാൽ എന്നെ ദിവസവും മതംമാറ്റാൻ ശ്രമിക്കുന്ന ഒരാളല്ല അദ്ദേഹം,' ഉഷ വ്യക്തമാക്കി.

'സ്ഥിരതയുള്ള ഹിന്ദു കുടുംബത്തിലാണ് വളർന്നത്'

ഇന്ത്യൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായ ഉഷ വാൻസ് ദക്ഷിണ കാലിഫോർണിയയിലെ ഒരു ഹിന്ദു കുടുംബത്തിലാണ് വളർന്നത്. തന്റെ ബാല്യം സ്ഥിരതയും കുടുംബ പിന്തുണയും നിറഞ്ഞതായിരുന്നുവെന്ന് അവർ പറഞ്ഞു.

അതേസമയം, തന്റെ ബാല്യകാലം ഏറെ പ്രക്ഷുബ്ധമായിരുന്നുവെന്ന് ജെ.ഡി. വാൻസ് അഭിമുഖത്തിൽ പങ്കുവച്ചു. മാതാപിതാക്കളുടെയും മുത്തച്ഛൻമാരുടെയും സംരക്ഷണത്തിൽ മാറിമാറി വളർന്ന ജീവിതം സ്ഥിരത തേടാൻ തന്നെ പ്രേരിപ്പിച്ചുവെന്നും അതാണ് പിന്നീട് മതവിശ്വാസത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'തെറാപ്പിയല്ല, ദേവാലയമാണ് അദ്ദേഹത്തിന് ആശ്വാസം'

മാനസിക സമ്മർദങ്ങൾ മറികടക്കുന്നതിൽ ജെ.ഡി. വാൻസിന് തെറാപ്പിയേക്കാൾ സഭാ ജീവിതമാണ് കൂടുതൽ ആശ്വാസമായതെന്നും ഉഷ പറഞ്ഞു.

'മറ്റുള്ളവർക്ക് തെറാപ്പി ഫലപ്രദമാകാം. പക്ഷേ ജെ.ഡിക്ക് അതിൽ വിശ്വാസം തോന്നിയില്ല. അദ്ദേഹത്തിന് സ്വന്തം ഇടം പോലെ തോന്നിയത് ദേവാലയത്തിലായിരുന്നു,' ഉഷ പറഞ്ഞു.

നാലാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി

മൂന്ന് മക്കളായ ഇവാൻ, വിവേക്, മിറബെൽ എന്നിവരുടെ മാതാപിതാക്കളായ ജെ.ഡി. വാൻസും ഉഷയും ഉടൻ നാലാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. കുടുംബം വിപുലീകരിക്കുന്നതിനെക്കുറിച്ച് കുറച്ചുകാലമായി ഇരുവരും ആലോചിച്ചിരുന്നുവെന്നും ഉഷ വെളിപ്പെടുത്തി.

ഇതിനിടെ, ഫാദേഴ്‌സ് ഡേ പ്രത്യേക പോഡ്കാസ്റ്റിൽ ഭാര്യയോടൊപ്പം പങ്കെടുത്ത ജെ.ഡി. വാൻസിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരിപാടിക്കിടെ ഇരുവരും നടത്തിയ സംഭാഷണവും ചെറിയ ഹാവഭാവങ്ങളും നിരവധി പ്രതികരണങ്ങൾക്ക് വഴിവെച്ചിരുന്നു.