ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് പാസ്‌പോർട്ട് അനുവദിക്കുന്നതെങ്കിലും, അത് പൗരത്വം തെളിയിക്കുന്ന അന്തിമ രേഖയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ചാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
അന്താരാഷ്ട്ര യാത്രകൾക്കായി സർക്കാർ നൽകുന്ന പ്രധാന യാത്രാരേഖയാണ് പാസ്‌പോർട്ട്. എന്നാൽ പാസ്‌പോർട്ട് കൈവശമുണ്ടെന്നത് മാത്രം ഒരാളുടെ പൗരത്വത്തിന് നിർണായക തെളിവായി കണക്കാക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പാസ്‌പോർട്ട് വ്യക്തിയുടെ സ്വകാര്യ സ്വത്തല്ലെന്നും അത് ഭാരത സർക്കാരിന്റെ സ്വത്താണെന്നും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ തിരികെ നൽകാൻ പാസ്‌പോർട്ട് ഉടമ ബാധ്യസ്ഥനാണെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാര്യം പാസ്‌പോർട്ടിന്റെ പിൻഭാഗത്തും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിന് പിന്നാലെ ഇന്ത്യയിൽ പൗരത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനുമുമ്പ് എസ്‌ഐആർ സംബന്ധിച്ച കേസ് പരിഗണിക്കവെ, ആധാർ കാർഡ് പൗരത്വത്തിനുള്ള തെളിവല്ലെന്നും അത് ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പൗരത്വം നിർണയിക്കുന്നത് എങ്ങനെ?
ഇന്ത്യൻ പൗരത്വ നിയമപ്രകാരം ജനന തീയതിയും മാതാപിതാക്കളുടെ പൗരത്വ നിലയുമാണ് പ്രധാന മാനദണ്ഡങ്ങൾ.
1950 ജനുവരി 26 മുതൽ 1987 ജൂലൈ 1 വരെ ഇന്ത്യയിൽ ജനിച്ചവർ ജനനംകൊണ്ട് തന്നെ ഇന്ത്യൻ പൗരന്മാരാണ്.
1987 ജൂലൈ 1 ന് ശേഷം ജനിച്ചവർക്ക് മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനായിരുന്നാൽ പൗരത്വം ലഭിക്കും.
2004 ഡിസംബർ 3 ന് ശേഷം ജനിച്ചവർക്ക് മാതാപിതാക്കൾ രണ്ടപേരും ഇന്ത്യൻ പൗരന്മാരായിരിക്കണം, അല്ലെങ്കിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേയാൾ നിയമവിരുദ്ധ കുടിയേറ്റക്കാരനല്ലാതിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
പാസ്‌പോർട്ടും ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചറിയലിനും യാത്രാ ആവശ്യങ്ങൾക്കുമുള്ളതാണെങ്കിലും, പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യൻ പൗരത്വ നിയമത്തിലെ വ്യവസ്ഥകളാണ് നിർണായകമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു.
പാസ്‌പോർട്ട് പൗരത്വത്തിന്റെ അന്തിമ തെളിവല്ല; വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
