വാന്‍കൂവര്‍: 2026 ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ടിക്കറ്റുകള്‍ ലഭിക്കാതെ വന്ന സംഭവത്തില്‍ ടിക്കറ്റ് റീസെയില്‍ കമ്പനിയായ സ്റ്റബ്ഹബിനെതിരെ വ്യാപക പ്രതിഷേധം. ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും അവസാന നിമിഷം ടിക്കറ്റുകള്‍ ലഭിക്കാതിരുന്നതോടെ ആയിരക്കണക്കിന് ആരാധകര്‍ നിരാശയിലും ആശയക്കുഴപ്പത്തിലുമാണ്. ടിക്കറ്റ് വ്യവസായത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നായാണ് വിദഗ്ധര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
വെസ്റ്റ് വാന്‍കൂവര്‍ സ്വദേശി മാര്‍ക്ക് ഗല്ലാഗര്‍, കഴിഞ്ഞ വ്യാഴാഴ്ച വാന്‍കൂവറില്‍ നടന്ന കാനഡ- ഖത്തര്‍ ലോകകപ്പ് മത്സരത്തിന് രണ്ട് പ്രീമിയം ടിക്കറ്റുകള്‍ വാങ്ങാന്‍ 11,380 കനേഡിയന്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്ക് സമ്മാനമായി നല്‍കാനായിരുന്നു ടിക്കറ്റുകള്‍. എന്നാല്‍ നിരവധി തവണ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെട്ടിട്ടും മത്സരം തുടങ്ങുന്നതുവരെ ടിക്കറ്റുകള്‍ ലഭിച്ചില്ല.
മത്സരത്തിന് തലേന്ന് രാത്രി തങ്ങള്‍ ഭീതിയിലായിരുന്നുവെന്നും പുലര്‍ച്ചെ നാലു മണിവരെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം ശരിയാണെന്നും ടിക്കറ്റുകള്‍ 100 ശതമാനം ഉറപ്പാണെന്നും അവര്‍ പറഞ്ഞെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലെന്നും ഗല്ലാഗര്‍ സി ബി സി ന്യൂസിനോട് പറഞ്ഞു.
സ്റ്റേഡിയത്തിന് പുറത്തുനില്‍ക്കുമ്പോഴാണ് സ്റ്റബ്ഹബ് അദ്ദേഹത്തിന്റെ ഓര്‍ഡര്‍ റദ്ദാക്കിയത്. വിശദീകരണമോ പകരം ടിക്കറ്റുകളോ റീഫണ്ടോ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ടിക്കറ്റുകള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഫിഫയുടെ ടിക്കറ്റിങ് സാങ്കേതിക സംവിധാനമാണ് കാരണമെന്ന് സ്റ്റബ്ഹബ് ഇ-മെയില്‍ മറുപടിയില്‍ വ്യക്തമാക്കി. റീഫണ്ട് ഉറപ്പ് പാലിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഫിഫയും ചോദ്യങ്ങള്‍ക്ക് സ്റ്റബ്ഹബിനെയാണ് സമീപിക്കാന്‍ നിര്‍ദേശിച്ചത്.
20 വര്‍ഷത്തെ പരിചയമുള്ള ടിക്കറ്റ് വ്യവസായ വിദഗ്ധനും ടിക്കറ്റ് ടോക്ക് നെറ്റ്വര്‍ക്ക് പോഡ്കാസ്റ്റ് അവതാരകനുമായ സ്‌കോട്ട് ഫ്രൈഡ്മാന്റെ അഭിപ്രായത്തില്‍, ടിക്കറ്റ് രംഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്.
'സ്റ്റബ്ഹബ് 'സ്‌പെകുലേറ്റീവ് ടിക്കറ്റിങ്' അനുവദിക്കുന്നതില്‍ പ്രശസ്തമാണ്. കൈവശമില്ലാത്ത ടിക്കറ്റുകള്‍ പോലും ചിലര്‍ വില്‍ക്കുന്നു. ഇതാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് ടാലന്റ് ഓര്‍ഗനൈസേഷന്റെ ബോര്‍ഡ് അംഗമായ റാന്‍ഡി നിക്കോള്‍സിന്റെ അഭിപ്രായത്തില്‍, സമൂഹമാധ്യമങ്ങളില്‍ ഓരോ ദിവസവും നൂറുകണക്കിന് പരാതികളാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കാത്തവരെ കൂടി കണക്കിലെടുത്താല്‍ പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ ബാധിക്കപ്പെടുന്നുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
കൈവശമില്ലാത്ത ടിക്കറ്റുകള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാക്കണമെന്നും സ്റ്റബ്ഹബ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും സുതാര്യതയും വേണമെന്നും നിക്കോള്‍സ് ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ ആരില്‍ നിന്നാണ് ടിക്കറ്റ് വാങ്ങുന്നതെന്ന് അറിയാന്‍ കഴിയണമെന്നും ഇ-ബേ, ആമസോണ്‍, ഉബര്‍ തുടങ്ങിയ സേവനങ്ങളിലെ പോലെ വില്‍പ്പനക്കാരുടെ റേറ്റിങ് സംവിധാനവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കാനഡ കോംപറ്റീഷന്‍ ബ്യൂറോയും യു എസ് ഫെഡറല്‍ ട്രേഡ് കമ്മിഷനും പ്രതികരിച്ചില്ല. എന്നാല്‍ മത്സരവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയമുള്ളവര്‍ ഓണ്‍ലൈന്‍ പരാതി സംവിധാനത്തിലൂടെ വിവരം അറിയിക്കണമെന്ന് കോംപറ്റീഷന്‍ ബ്യൂറോ അറിയിച്ചു.
അതേസമയം, റീഫണ്ടില്‍ മാത്രം തൃപ്തനാകില്ലെന്ന് മാര്‍ക്ക് ഗല്ലാഗര്‍ വ്യക്തമാക്കി. തന്റെ പണം തിരികെ ലഭിക്കുമെങ്കിലും അതിലും പ്രധാനമായി ഇത്തരം തെറ്റായ രീതികള്‍ പുറത്തുകൊണ്ടുവരുകയും ഭാവിയിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് മാറ്റങ്ങള്‍ ഉണ്ടാകുകയും വേണമെന്നും തങ്ങള്‍ അനുഭവിച്ച മാനസിക സമ്മര്‍ദവും ആശങ്കയും അളക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
