ഇറാന്റെ 300 ബില്യണ്‍ ഡോളര്‍ പുനര്‍നിര്‍മാണ നിധി ആരാണ് വഹിക്കുക? ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ഇങ്ങനെ

ഇറാന്റെ 300 ബില്യണ്‍ ഡോളര്‍ പുനര്‍നിര്‍മാണ നിധി ആരാണ് വഹിക്കുക? ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ഇങ്ങനെ


തെഹ്‌റാന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയുമായി ഉണ്ടായ പ്രാഥമിക ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനും സാമ്പത്തിക വികസനത്തിനുമായി ഇറാന് കുറഞ്ഞത് 300 ബില്യണ്‍ ഡോളറിന്റെ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഈ വന്‍തുക എവിടെ നിന്നായിരിക്കും സമാഹരിക്കപ്പെടുക, ആരായിരിക്കും ചെലവ് വഹിക്കുക എന്നീ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല.

ഇറാന്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള ചെലവ് അമേരിക്കന്‍ നികുതിദായകര്‍ വഹിക്കില്ലെന്ന് യു എസ് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പകരം, ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 60 ദിവസത്തെ നടപ്പാക്കല്‍ കാലയളവിനിടെ ധനസമാഹരണത്തിനുള്ള സംവിധാനം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് മുമ്പ്, ഇറാന് 300 ബില്യണ്‍ ഡോളറിന്റെ സഹായപാക്കേജ് നല്‍കാന്‍ വാഷിങ്ടണ്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. അത്തരം വാര്‍ത്തകള്‍ 'വ്യാജവാര്‍ത്ത'യാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ധാരണാപത്രപ്രകാരം അമേരിക്ക നേരിട്ട് ധനസഹായം നല്‍കുന്ന രാജ്യമായി അല്ല, മറിച്ച് ഏകോപനവും സൗകര്യവും ചെയ്യുന്ന പങ്കാളിയായിരിക്കും. പുനര്‍നിര്‍മാണ പദ്ധതിക്കായി മേഖലാ രാജ്യങ്ങളുമായി സഹകരിക്കാനും അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകള്‍ക്ക് ആവശ്യമായ ലൈസന്‍സുകള്‍, ഉപരോധ ഇളവുകള്‍, നിയന്ത്രണാനുമതികള്‍ എന്നിവ ലഭ്യമാക്കാനും വാഷിങ്ടണ്‍ പ്രതിജ്ഞാബദ്ധമാണ്.

സ്വകാര്യ നിക്ഷേപകരും പദ്ധതിയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപരോധങ്ങളില്‍ ഇളവും ആവശ്യമായ അനുമതികളും ലഭിച്ചാല്‍ ഊര്‍ജം, ഗതാഗതം, പാര്‍പ്പിട വികസനം, വ്യവസായ മേഖലകള്‍ തുടങ്ങിയവയില്‍ അന്താരാഷ്ട്ര കമ്പനികളെയും നിക്ഷേപ ഫണ്ടുകളെയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

എന്‍ പി ആറിന് നല്‍കിയ അഭിമുഖത്തില്‍ സള്ളിവന്‍ പറഞ്ഞത് 300 ബില്യണ്‍ ഡോളര്‍ മൂന്നാം കക്ഷികളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ലഭ്യമാക്കാമെന്നാണ് തെഹ്‌റാന്‍ പ്രതീക്ഷിക്കുന്നതെന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ അമേരിക്ക സഹായകരമാകുമെന്നുമാണ്.

അതേസമയം, ധനസഹായ പാക്കേജിന്റെ അന്തിമ രൂപരേഖ ഇപ്പോഴും വ്യക്തമല്ല. എത്രത്തോളം മൂലധനം സമാഹരിക്കാന്‍ സാധിക്കും, ഏതെല്ലാം രാജ്യങ്ങളോ സ്ഥാപനങ്ങളോ പദ്ധതിയില്‍ പങ്കാളികളാകും, ഫണ്ട് വിനിയോഗം എങ്ങനെ നിയന്ത്രിക്കപ്പെടും തുടങ്ങിയ കാര്യങ്ങളില്‍ വരും ആഴ്ചകളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.