ലഖ്‌നൗ: അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ സംഭാവനകളും സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് 10 മുതല്‍ 15 ദിവസത്തിനകം സമര്‍പ്പിക്കുമെന്നാണ് സൂചന.
ജൂണ്‍ 7ന് അയോധ്യയിലെ സമാജ്വാദി പാര്‍ട്ടി മുന്‍ എം എല്‍ എ പവന്‍ പാണ്ഡെയാണ് രാമക്ഷേത്രത്തിലെ 7 മുതല്‍ 7.5 കോടി രൂപ വരെ സംഭാവനയായി ലഭിച്ച തുക തട്ടിയെടുത്തതായി ആരോപിച്ചത്. തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സമൂഹമാധ്യമങ്ങളിലൂടെ വിഷയത്തില്‍ സര്‍ക്കാരിന്റെ മൗനത്തെ ചോദ്യം ചെയ്യുകയും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിവാദം ശക്തമായതോടെ ബി ജെ പി നേതാവ് ഡോ. രാജ്‌നീഷ് സിങ് ജൂണ്‍ 9ന് പ്രധാനമന്ത്രിക്ക് കത്തയച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് രാമക്ഷേത്ര ട്രസ്റ്റിനോട് റിപ്പോര്‍ട്ട് തേടി.
ട്രസ്റ്റിന്റെ ശുപാര്‍ശ പ്രകാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജൂണ്‍ 13ന് മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.
ലഖ്‌നൗ കമ്മിഷണര്‍ വിജയ് വിശ്വാസ് പന്ത്, ഐ ജി കിരണ്‍ ശിവകുമാര്‍, പ്രത്യേക ധനകാര്യ സെക്രട്ടറി നീലരതന്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) സഞ്ജയ് പ്രസാദിന് കൈമാറി.
സംഭാവനകളുടെ രേഖകള്‍, പണമെണ്ണല്‍ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍, ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ടവരുടെ പങ്ക് എന്നിവയാണ് എസ് ഐ ടി പരിശോധിക്കുന്നത്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ഗോപാല്‍ റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഭാരവാഹികളില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളും സംഭാവനകള്‍ കൈകാര്യം ചെയ്ത ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു. പണമെണ്ണല്‍ കേന്ദ്രങ്ങളിലെയും ട്രഷറി മേഖലകളിലെയും സി സി ടി വി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചു.
ആദ്യഘട്ടത്തില്‍ 7 മുതല്‍ 7.5 കോടി രൂപ വരെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു സമാജ്വാദി പാര്‍ട്ടിയുടെ ആരോപണം. പിന്നീട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഏകദേശം 200 കോടി രൂപയുടെ സംഭാവനകള്‍ ദുരുപയോഗം ചെയ്തതായി ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ട്രസ്റ്റിന്റെ സാമ്പത്തിക രേഖകള്‍ പ്രകാരം 2025 ഏപ്രില്‍ മുതല്‍ 2026 ഫെബ്രുവരി വരെ 82.78 കോടി രൂപയുടെ സംഭാവനയാണ് ലഭിച്ചത്. പലിശ ഇനത്തില്‍ 138.03 കോടി രൂപ ലഭിച്ചതോടെ ആകെ വരുമാനം 220.81 കോടി രൂപയായി.
അതേസമയം, സിന്ധി സമൂഹത്തിന്റെ പേരില്‍ 2021ല്‍ 200 വെള്ളിക്കട്ടകള്‍ രാമക്ഷേത്രത്തിന് നല്‍കിയിരുന്നുവെന്നും അന്ന് രസീത് ലഭിച്ചിരുന്നില്ലെന്നും കാസില്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജു വി മന്വാനി വെളിപ്പെടുത്തി. വെള്ളി എവിടെ ഉപയോഗിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ട്രസ്റ്റിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടില്ല എന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഭക്തര്‍ക്ക് നീതി ഉറപ്പാക്കുന്ന നിഷ്പക്ഷ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിഗമനങ്ങളിലെത്തരുതെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു. രാമക്ഷേത്ര പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
അതേസമയം, അന്വേഷണം സ്വാഗതം ചെയ്ത അഖിലേഷ് യാദവ് കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടു. സി ബി ഐ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണത്തിനോ ജുഡീഷ്യല്‍ അന്വേഷണത്തിനോ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
വിശ്വഹിന്ദു പരിഷത്ത് ട്രസ്റ്റിനെയും ഭാരവാഹികളെയും പിന്തുണച്ച് ആരോപണങ്ങള്‍ നിയമപരമായ നടപടികളിലൂടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ഫണ്ട് ശേഖരിച്ച മറ്റ് സംഘടനകളെയും പരിശോധിക്കണമെന്ന് വി എച്ച് പി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ആരോപണങ്ങള്‍ നിഷേധിച്ചു. ആഭ്യന്തര ഓഡിറ്റില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും വസ്തുതകള്‍ വ്യക്തമാക്കുന്നതിനും തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിനുമായി ട്രസ്റ്റ് തന്നെയാണ് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടതെന്നും ജനറല്‍ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി. രേഖകളും സാമ്പത്തിക വിവരങ്ങളും അന്വേഷണസംഘത്തിന് കൈമാറി പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2027-ന്റെ തുടക്കത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉയര്‍ന്നിരിക്കുന്ന ഈ വിവാദം ഭരണകക്ഷിയായ ബി ജെ പിക്ക് രാഷ്ട്രീയ സമ്മര്‍ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിനോ ബി ജെ പിക്കോ നേരിട്ട് ബന്ധമില്ലെങ്കിലും ഭരണപരമായ വീഴ്ചകളെന്ന ആരോപണം ഉയര്‍ത്തി പ്രതിപക്ഷം ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, സി ബി ഐയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര പ്രത്യേക അന്വേഷണസംഘമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.
