ക്യൂബെക്ക് സിറ്റി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ 2025ല്‍ അറസ്റ്റിലായ ക്യൂബെക്കിലെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ മാത്യു ഫോര്‍ബ്‌സ് (34) തനിക്കെതിരായ 11 കുറ്റങ്ങളില്‍ ഏഴെണ്ണം കോടതിയില്‍ സമ്മതിച്ചു. അനുമതിയില്ലാതെ ആയുധങ്ങളും നിയന്ത്രിത സൈനിക സാമഗ്രികളും കൈവശം വച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് അദ്ദേഹം കുറ്റസമ്മതം നടത്തിയത്.
ക്യൂബെക്കിലെ പോണ്ട്-റൂജ് സ്വദേശിയായ ഫോര്‍ബ്‌സിനെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍ സി എം പി) 2025ലാണ് അറസ്റ്റ് ചെയ്തത്. അന്ന് അദ്ദേഹം സജീവ സൈനിക സേവനത്തിലായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പേരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന ഗുരുതര കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ഫോര്‍ബ്‌സിനെതിരെ തീവ്രവാദക്കുറ്റം ചുമത്തിയിരുന്നില്ലെങ്കിലും ആവശ്യമായ അനുമതിയില്ലാതെ തോക്കുകളും നിയന്ത്രിത സൈനിക സാമഗ്രികളും കൈവശം വയ്ക്കുകയും വില്‍ക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ അടങ്ങിയ സംയുക്ത രേഖ പ്രകാരം ഫോര്‍ബ്‌സും വാങ്ങുന്നവരും തമ്മില്‍ പണമിടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. ക്യൂബെക്കില്‍ താമസിക്കുമ്പോള്‍ അദ്ദേഹം സൈനിക നിലവാരത്തിലുള്ള സാമഗ്രികള്‍ കൈവശം വയ്ക്കുകയും കൈമാറുകയും ചെയ്തതായും രേഖയില്‍ പറയുന്നു.
അമേരിക്കയുടെ അന്താരാഷ്ട്ര ആയുധ ഗതാഗത നിയന്ത്രണ നിയമങ്ങളായ ഐ ടി എ ആര്‍ വ്യവസ്ഥകള്‍ക്ക് കാനഡയും വിധേയമാണെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു. ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് പ്രകാരം സൈനിക നിലവാരത്തിലുള്ള സാമഗ്രികള്‍ കൈവശം വയ്ക്കാന്‍ കണ്‍ട്രോള്‍ഡ് ഗുഡ്‌സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോര്‍ബ്‌സ് കുറ്റസമ്മതം നടത്തിയ ഏഴ് കുറ്റങ്ങളില്‍ നാലെണ്ണം ഈ നിയമത്തിന്റെ 37-ാം വകുപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ടതാണ്.
കോടതിയില്‍ ഹാജരായ ഫോര്‍ബ്‌സ് നിയമങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് സമ്മതിച്ചു.
കേസിലെ ഒരു ഇടപാടില്‍ ക്യൂബെക്ക് സിറ്റഡല്‍ സൈനിക കേന്ദ്രത്തില്‍ വച്ച് 40,000 യു എസ് ഡോളറിന് പകരമായി നിയന്ത്രിത സൈനിക സാമഗ്രികള്‍ അനധികൃതമായി കൈമാറിയതായും അന്വേഷണ രേഖകളില്‍ പറയുന്നു. 2023 മാര്‍ച്ചില്‍ ആരംഭിച്ച ആര്‍ സി എം പി അന്വേഷണത്തിന്റെ ഭാഗമായി അന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ വര്‍ഷം കര്‍ശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച ഫോര്‍ബ്‌സ് നിലവില്‍ ശമ്പളത്തോടുകൂടിയ സസ്‌പെന്‍ഷനിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ക്യൂബെക്ക് സിറ്റിക്ക് സമീപമുള്ള വാല്‍ക്കാര്‍ട്ടിയര്‍ സൈനിക താവളത്തിലെ അഞ്ചാം ലൈറ്റ് ആര്‍ട്ടിലറി റെജിമെന്റിലെ അംഗമായിരുന്നു അദ്ദേഹം.
ഈ വര്‍ഷാവസാനത്തോടെ ശിക്ഷാവിധി പ്രഖ്യാപിക്കാനാണ് കോടതി ഉദ്ദേശിക്കുന്നത്. ഫെഡറല്‍ ജയില്‍ശിക്ഷ ആവശ്യപ്പെട്ടിട്ടുള്ള പ്രോസിക്യൂഷന്‍, ഫോര്‍ബ്‌സിന് പരമാവധി 10 വര്‍ഷം തടവും 20 ലക്ഷം ഡോളര്‍ പിഴയും ലഭിക്കാമെന്ന് അറിയിച്ചു.
അതേസമയം, മാര്‍ക് ഓറേല്‍ ഷാബോ, സൈമണ്‍ ആന്‍ജേഴ്സ് ഓഡെ, റാഫേല്‍ ലഗാസെ എന്നീ മൂന്ന് പേര്‍ക്കെതിരെ ആയുധക്കുറ്റങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന ഗുരുതര കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളും ജൂറി വിചാരണ ആവശ്യപ്പെട്ടിട്ടുണ്ട്.
