കനേഡിയന്‍ സൈനിക ബറ്റാലിയന്‍ കമാന്‍ഡറേയും ചീഫ് വാര്‍റന്റ് ഓഫീസറേയും സ്ഥാനത്തുനിന്ന് മാറ്റി

കനേഡിയന്‍ സൈനിക ബറ്റാലിയന്‍ കമാന്‍ഡറേയും ചീഫ് വാര്‍റന്റ് ഓഫീസറേയും സ്ഥാനത്തുനിന്ന് മാറ്റി


ഒട്ടാവ: കനേഡിയന്‍ സൈന്യത്തിലെ പ്രമുഖ റെഗുലര്‍ ഫോഴ്സ് ബറ്റാലിയനുകളിലൊന്നായ മൂന്നാം ബറ്റാലിയന്‍, പ്രിന്‍സസ് പാട്രീഷ്യാസ് കനേഡിയന്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ കമാന്‍ഡിങ് ഓഫീസറെയും യൂണിറ്റിലെ ഏറ്റവും മുതിര്‍ന്ന നോണ്‍-കമ്മിഷന്‍ഡ് ഓഫീസറെയും അന്വേഷണത്തിന്റെ ഭാഗമായി സ്ഥാനത്തുനിന്ന് മാറ്റി.

എഡ്മണ്‍ഡണ്‍ ആസ്ഥാനമായ യൂണിറ്റിന്റെ കമാന്‍ഡര്‍ ലഫ്. കേണല്‍ ജേസണ്‍ ഹഡ്‌സണും ചീഫ് വാറന്റ് ഓഫീസര്‍ കിം ഡോറും കഴിഞ്ഞ വാരാന്ത്യത്തില്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതരായതായി നിരവധി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സംഭവം സ്ഥിരീകരിച്ച ദേശീയ പ്രതിരോധ വകുപ്പ്  അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയെങ്കിലും നടപടി സ്വീകരിക്കാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിസമ്മതിച്ചു.

മൂന്നാം കനേഡിയന്‍ ഡിവിഷന്‍ നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് പ്രതിരോധ വകുപ്പിന്റെ വക്താവ് ആന്‍ഡ്രേ-ആന്‍ പൂളിന്‍ അറിയിച്ചു. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് ഉചിതമല്ലെന്നും അവര്‍ പറഞ്ഞു.

സ്ഥാനത്തുനിന്നുള്ള മാറ്റം താത്ക്കാലികമാണെന്നാണ് പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ സൈനിക നിലവാരമനുസരിച്ച് ഇത്തരമൊരു നടപടി ഗുരുതരമായതും ഉദ്യോഗസ്ഥരുടെ കരിയറിനെ ദീര്‍ഘകാലം ബാധിക്കാവുന്നതുമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇടക്കാല ചുമതലകള്‍ക്കായി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

സംഭവം അടുത്തിടെ നടന്ന മദ്യപാനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ തുടര്‍ന്നാണെന്നാണ് നിലവിലുള്ളതും വിരമിച്ചതുമായ ചില സൈനിക വൃത്തങ്ങള്‍ സി ബി സി ന്യൂസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം സൈന്യത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ സമാനമായ നടപടികള്‍ നേരിട്ടിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കാനഡയുടെ ഏറ്റവും വലിയ വിദേശ സൈനിക വിന്യാസമായ ടാസ്‌ക് ഫോഴ്സ് ലാത്വിയയുടെ കമാന്‍ഡറായ കേണല്‍ ജെയിംസ് സ്മിത്തിനെ ദേശീയ പ്രതിരോധ നിയമപ്രകാരം അച്ചടക്കലംഘനക്കുറ്റം ചുമത്തി താത്ക്കാലികമായി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

ഒന്റാറിയോയിലെ കിങ്സ്റ്റണിലുള്ള കനേഡിയന്‍ ആര്‍മി കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജിന്റെ കമാന്‍ഡന്റായിരുന്ന കേണല്‍ ഫ്രേസര്‍ ഓള്‍ഡിനെയും വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന കാരണത്താല്‍ ഈ വര്‍ഷം സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

കഴിഞ്ഞ വേനല്‍ക്കാലത്ത് കിഴക്കന്‍ ഒന്റാറിയോയിലെ സൈനിക യൂണിറ്റുകളുടെ മേല്‍നോട്ടം വഹിച്ചിരുന്ന 33-ാമത് കനേഡിയന്‍ ബ്രിഗേഡ് ഗ്രൂപ്പിന്റെ കമാന്‍ഡര്‍ കേണല്‍ ജെയിംസ് മക്കേ 'ബ്ലൂ ഹാക്കിള്‍ മാഫിയ' എന്ന സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് രാജിവെച്ച് സൈനിക സേവനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

അതേ വിവാദവുമായി ബന്ധപ്പെട്ട് ഒട്ടാവയിലെ കാമറൂണ്‍ ഹൈലാന്‍ഡേഴ്‌സ് റിസര്‍വ് യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്ന ലഫ്. കേണല്‍ റയാന്‍ ഹെന്‍ഡിയെയും താത്ക്കാലികമായി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.