മോസ്‌കോ: ആണവായുധങ്ങളാണ് ലോകത്തെ ഒരു ആഗോളയുദ്ധത്തിൽ നിന്ന് സംരക്ഷിക്കുന്ന ഏക പ്രതിരോധശക്തിയെന്ന് റഷ്യ. ലോക സുരക്ഷാ സംവിധാനങ്ങൾ ദുർബലമാകുന്ന സാഹചര്യത്തിൽ ആണവ പ്രതിരോധത്തിന്റെ പ്രാധാന്യം വർധിച്ചുവരുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
മോസ്‌കോയിൽ നടന്ന വിദേശനയ ചർച്ചാ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ലോകത്തെ ഒരു ആഗോളയുദ്ധത്തിൽ നിന്ന് രക്ഷിക്കുന്നത് ഇപ്പോൾ ആണവ പ്രതിരോധം മാത്രമാണ്. അതല്ലാതെ മറ്റൊരു സുരക്ഷാ സംവിധാനവും നിലവിലില്ല,' പെസ്‌കോവ് പറഞ്ഞു.
റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാർ ഫെബ്രുവരിയിൽ കാലഹരണപ്പെട്ടതിന് പിന്നാലെയാണ് റഷ്യയുടെ പരാമർശം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവശക്തികളുടെ ആയുധ വിന്യാസത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന കരാർ അവസാനിച്ചതോടെ, പതിറ്റാണ്ടുകൾക്കശേഷം ആദ്യമായി ഇരുരാജ്യങ്ങൾക്കുമിടയിൽ ബാധകമായ നിയന്ത്രണങ്ങളില്ലാത്ത സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ആഗോള സുരക്ഷാ സംവിധാനങ്ങൾ ക്രമേണ തകരുകയാണെന്നും സാങ്കേതിക വിദ്യയുടെ അതിവേഗ വളർച്ച ഭാവിയിൽ ആണവായുധങ്ങളുടെ നാശശേഷിയോട് കിടപിടിക്കുന്ന തരത്തിലുള്ള പുതിയ പരമ്പരാഗത ആയുധങ്ങൾ വികസിപ്പിക്കാൻ ഇടയാക്കാമെന്നും പെസ്‌കോവ് മുന്നറിയിപ്പ് നൽകി.
'സാങ്കേതിക വിദ്യ മന്നേറുന്നതിനനുസരിച്ച് പുതിയ തരത്തിലുള്ള ആണവേതര ആയുധങ്ങൾ വികസിക്കും. ഭാവിയിൽ അവയുടെ നാശശേഷി ആണവായുധങ്ങളടേതിന് സമാനമായേക്കാം,' അദ്ദേഹം പറഞ്ഞു.
ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയുടെ ആണവായുധ പരാമർശങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. അതേസമയം, നിലവിലുള്ള ആയുധ നിയന്ത്രണ സംവിധാനങ്ങൾ ദുർബലമാകുന്നത് വൻശക്തികൾ തമ്മിലുള്ള തെറ്റായ കണക്കുകൂട്ടലുകൾക്കും സംഘർഷ സാധ്യതകൾക്കും വഴിവെക്കുമെന്ന് റഷ്യ ആവർത്തിച്ചു.
ആണവായുധങ്ങളാണ് ആഗോളയുദ്ധം തടയുന്ന ഏക പ്രതിരോധം; റഷ്യയുടെ മുന്നറിയിപ്പ്
