വാഷിങ്ടൺ: അമേരിക്കയിൽ ഭവന ചെലവ് കുറയ്ക്കാനും വീടുകളുടെ ലഭ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ട് കോൺഗ്രസ് പാസാക്കിയ സുപ്രധാന ഭവന ബില്ലിൽ ഒപ്പിടുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറ്റിവച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'സേവ് അമേരിക്ക ആക്ട്' ആദ്യം പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രംപിന്റെ തീരുമാനം.
'21ാം നൂറ്റാണ്ടിലെ റോഡ് ടു ഹൗസിംഗ് ആക്ട്' എന്ന പേരിലുള്ള ബിൽ കോൺഗ്രസിന്റെ ഇരു സഭകളും വൻ ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു. വീടുകളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭവന നിർമാണം പ്രോത്സാഹിപ്പിക്കുക, വലിയ നിക്ഷേപ സ്ഥാപനങ്ങൾ ഒറ്റകുടുംബ വീടുകൾ വ്യാപകമായി വാങ്ങുന്നത് നിയന്ത്രിക്കുക തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
എന്നാൽ 'സേവ് അമേരിക്ക ആക്ട്' ദേശീയ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും അത് പാസാകുന്നതുവരെ ഭവന ബില്ലിൽ ഒപ്പിടില്ലെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.
റിപ്പബ്ലിക്കൻ നേതാക്കൾക്ക് സമ്മർദം
സേവ് അമേരിക്ക ആക്ടിൽ കൂടുതൽ പുരോഗതി ഉണ്ടാകണമെന്ന് പ്രസിഡന്റിന് ആഗ്രഹമുണ്ടെന്ന് ഹൗസ് സ്പീക്കർ മൈക് ജോൺസൺ, മാധ്യമങ്ങളോട് പറഞ്ഞു. നിയമപ്രകാരം പ്രസിഡന്റിന് ബില്ലിൽ ഒപ്പിടാനോ വീറ്റോ ചെയ്യാനോ 10 ദിവസത്തെ സമയം ലഭിക്കുന്നതിനാൽ ആ സമയം ഉപയോഗിക്കാനാണ് ട്രംപിന്റെ തീരുമാനം.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടി നവംബർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്ന ബില്ലാണ് ഭവന നിയമം. അമേരിക്കയിൽ ജീവിതച്ചെലവും ഭവന ചെലവും പ്രധാന രാഷ്ട്രീയ വിഷയങ്ങളായ സാഹചര്യത്തിൽ ബില്ലിന് വലിയ പ്രാധാന്യമുണ്ട്.
ഡെമോക്രാറ്റുകളുടെ വിമർശനം
ട്രംപിന്റെ തീരുമാനത്തെ സെനറ്റ് ന്യൂനപക്ഷ നേതാവ് ചക് ഷുമർ വിമർശിച്ചു. സാധാരണ അമേരിക്കക്കാർക്ക് നേരിട്ട് ഗുണം ചെയ്യുന്ന അപൂർവ നിയമനടപടികളിലൊന്നിൽ നിന്ന് പ്രസിഡന്റ് പിന്മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, വോട്ടർ രജിസ്‌ട്രേഷനും വോട്ടെടുപ്പിനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്ന സേവ് അമേരിക്ക ആക്ടിന് സെനറ്റിൽ ആവശ്യമായ പിന്തുണ ലഭിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. റിപ്പബ്ലിക്കൻ നേതാക്കൾക്ക് പോലും ബിൽ പാസാക്കാൻ ആവശ്യമായ വോട്ടുകൾ നിലവിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പ് ബില്ലിന് മുൻഗണന; ഭവന ബില്ലിൽ ഒപ്പിടുന്നത് ട്രംപ് മാറ്റിവച്ചു
