വാഷിങ്ടൺ: തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് അന്തരിച്ച ധനകാര്യ ഇടനിലക്കാരൻ ജെഫ്രി എപ്‌സ്റ്റൈൻ സമ്മർദം ചെലുത്താൻ ശ്രമിച്ചിരിക്കാമെന്ന് വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്. അമേരിക്കൻ കോൺഗ്രസിന്റെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നൽകിയ രഹസ്യ മൊഴിയിലാണ് ഗേറ്റ്‌സിന്റെ പ്രതികരണം.
മൂന്ന് സ്ത്രീകളുമായി തനിക്ക് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് ഗേറ്റ്‌സ് സമ്മതിച്ചു. ഇവരിൽ രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ എപ്‌സ്റ്റൈന്് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ബ്രിഡ്ജ് താരം മില ആന്റോനോവ, ആണവ ഭൗതികശാസ്ത്രജ്ഞ കരിമ നിഗ്മതുലിന, മെഡിക്കൽ സംരംഭക അലിസ് ജേക്കബ്‌സ് നെസൽറോഡ് എന്നിവരുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് മൊഴി.
ഈ ബന്ധങ്ങൾക്ക് എപ്‌സ്റ്റൈനുമായുള്ള ഇടപെടലുകളുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും എന്നാൽ അവ കുടുംബത്തിന് വേദനയുണ്ടാക്കിയെന്നും ഗേറ്റ്‌സ് പറഞ്ഞു.
'എന്റെ വ്യക്തിപരമായ വീഴ്ചകളെക്കുറിച്ചുള്ള വിവരങ്ങളും ചില അസത്യങ്ങളും ചേർത്ത് എപ്‌സ്റ്റൈൻ എന്നെ വീണ്ടും ബന്ധപ്പെടാൻ സമ്മർദത്തിലാക്കാൻ ശ്രമിച്ചു,' എന്ന് ഗേറ്റ്‌സ് മൊഴിയിൽ വ്യക്തമാക്കി.
ബ്ലാക്ക്‌മെയിൽ ചെയ്തില്ല, പക്ഷേ ശ്രമിച്ചിരിക്കാം
തന്നെ എപ്‌സ്റ്റൈൻ നേരിട്ട് ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ലെന്നും, എന്നാൽ അത്തരമൊരു നീക്കം ആലോചിച്ചിരിക്കാമെന്ന സംശയമുണ്ടെന്നും ഗേറ്റ്‌സ് പറഞ്ഞു.
2013ൽ എപ്‌സ്റ്റൈൻ തയ്യാറാക്കിയതായി പറയപ്പെടുന്ന ഒരു ഇമെയിൽ കരട് ഇതിനുള്ള സൂചന നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുതകളും അസത്യങ്ങളും കൂട്ടിച്ചേർത്ത് സമ്മർദം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അതെന്നാണ് ഗേറ്റ്‌സിന്റെ വിലയിരുത്തൽ.
ലൈംഗികരോഗ ആരോപണങ്ങളും തള്ളി
എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകളിൽ ഉയർന്ന ലൈംഗികരോഗ (STD) ആരോപണങ്ങളും ഗേറ്റ്‌സ് നിഷേധിച്ചു. തനിക്ക് ഒരിക്കലും ലൈംഗികരോഗം ഉണ്ടായിട്ടില്ലെന്നും ആരും രഹസ്യമായി മരുന്ന് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എപ്‌സ്റ്റൈനുമായി 12 മുതൽ 14 തവണ വരെ നേരിൽ കൂടിക്കാഴ്ച നടത്തിയതായും രണ്ട് വീഡിയോ കോളുകളിൽ പങ്കെടുത്തതായും ഗേറ്റ്‌സ് പറഞ്ഞു. ധനസഹായ പ്രവർത്തനങ്ങൾക്കും പുതിയ ദാതാക്കളെ കണ്ടെത്തുന്നതിനുമായി എപ്‌സ്റ്റൈൻ സഹായിക്കാമെന്ന വാഗ്ദാനം നൽകിയിരുന്നുവെങ്കിലും അതിൽ നിന്ന് യാതൊരു ഫലവും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എപ്‌സ്റ്റൈനുമായുള്ള മുൻകാല ബന്ധങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എപ്‌സ്റ്റൈനും ഫൗണ്ടേഷനിലെ ചില ഉദ്യോഗസ്ഥരും തമ്മിൽ ഇമെയിൽ ആശയവിനിമയം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
എപ്‌സ്റ്റൈൻ തന്നെ സമ്മർദത്തിലാക്കാൻ ശ്രമിച്ചു; മൂന്ന് ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് ബിൽ ഗേറ്റ്‌സ്
