യൂട്ടായില്‍ കാട്ടുതീ : 60,000 ഏക്കര്‍ കത്തിച്ചാമ്പലായി; ജനങ്ങളെ ഒഴിപ്പിക്കുന്നു

യൂട്ടായില്‍ കാട്ടുതീ : 60,000 ഏക്കര്‍ കത്തിച്ചാമ്പലായി; ജനങ്ങളെ ഒഴിപ്പിക്കുന്നു


ന്യൂയോര്‍ക്ക്: യു.എസിലെ യൂട്ടാ സംസ്ഥാനത്തെ ബിയാവര്‍ കൗണ്ടിയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ച് വ്യാപക നാശം. ഇതുവരെ 60,000 ഏക്കര്‍ ഭൂമി കത്തിനശിച്ചു. അതിശക്തമായ കാറ്റിനെ തുടര്‍ന്ന് വേഗത്തില്‍ തീ പടരുകയാണ്. ബിയാവര്‍ കൗണ്ടിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച തീപിടിത്തം മണിക്കൂറില്‍ 50 മൈല്‍ വരെ വേഗതയുള്ള കാറ്റിന്റെ ശക്തിയില്‍ അതിവേഗം പടരുകയാണെന്നു യൂട്ടാ ഫയര്‍ഫോഴ്‌സ് അറിയിച്ചു. 

ഇതേത്തുടര്‍ന്ന് ഈ മേഖലയില്‍ നിന്നുള്ള ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. മലനിരകളിലൂടെയുള്ള ഒരു പ്രധാന ഹൈവേ പൂര്‍ണമായും അടച്ചു. വരള്‍ച്ചയും ശക്തമായ കാറ്റും മൂലം അതിവേഗമാണ് തീ പടരുന്നത്. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു യുണൈറ്റഡ് സ്റ്റേറ്റ് ഫോറസ്റ്റ് സര്‍വീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തീപിടിത്തം ആരംഭിച്ചത്. തുടര്‍ന്ന് ജനവാസ മേഖലകളിലേക്ക് തീ പടരാനുള്ള സാധ്യത ഉയര്‍ന്നതോടെ രാത്രി 9ന് ശേഷം ഈഗിള്‍ പോയിന്റ്, മര്‍ച്ചന്റ് വാലി പ്രദേശങ്ങളിലെ താമസക്കാരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ആരോ തീയിട്ടതാണിതെന്നാണ് അഗ്‌നിശമന വകുപ്പ് സംശയിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജുആബ് കൗണ്ടിയിലും മറ്റൊരു തീപിടുത്തമുണ്ടായി. 31,314 ഏക്കര്‍ പ്രദേശമാണ് നശിച്ചത്. 

തീപിടിത്തത്തെ തുടര്‍ന്ന് യുറേക്കാ പട്ടണത്തില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. സ്വകാര്യ ഭൂമിയില്‍ നിന്നും ആണ് ആദ്യം തീ പടര്‍ന്നതെന്നും പിന്നീട് മൂന്ന് കൗണ്ടികളിലേക്ക് വ്യാപിക്കുകയും ഫെഡറല്‍ ഭൂമിയിലേക്കും കടക്കുകയും ചെയ്തതായി യൂട്ടാ ഡിവിഷന്‍ ഓഫ് ഫോറസ്ട്രി വക്താവ് കെല്ലി വിക്കന്‍ പറഞ്ഞു.

തെക്കന്‍, മധ്യ യൂട്ടാ മേഖലകള്‍ക്കൊപ്പം കൊളോറോഡോ, കാലിഫോര്‍ണിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിലും കാട്ടുതീ പുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.