എന്‍ എഫ് എല്‍ മുന്‍ ഫുട്ബാള്‍ താരം ട്രെ ജോണ്‍സണ്‍ അന്തരിച്ചു

എന്‍ എഫ് എല്‍ മുന്‍ ഫുട്ബാള്‍ താരം ട്രെ ജോണ്‍സണ്‍ അന്തരിച്ചു


വാഷിംഗ്ടണ്‍: മുന്‍ എന്‍ എഫ് എല്‍ സൂപ്പര്‍ താരവും പ്രശസ്ത ഫുട്‌ബോള്‍ താരവുമായ ട്രെ ജോണ്‍സണ്‍ (54) അന്തരിച്ചു. കുടുംബത്തോടൊപ്പം വിനോദയാത്രയിലായിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ ഐറിന്‍ ജോണ്‍സണ്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

വാഷിംഗ്ടണ്‍ കമാന്‍ഡേഴ്സിന്റെ എക്കാലത്തെയും മികച്ച ഒഫന്‍സീവ് ലൈന്‍മാന്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹം 1994-ലാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 1999-ല്‍ പ്രോ ബൗള്‍, സെക്കന്‍ഡ് ടീം ഓള്‍-പ്രോ ബഹുമതികള്‍ നേടി കായികരംഗത്ത് ശ്രദ്ധേയനായി.

എട്ട് സീസണുകള്‍ നീണ്ട കായിക ജീവിതത്തിന് ശേഷം അദ്ദേഹം അധ്യാപന രംഗത്തേക്ക് തിരിഞ്ഞു. മെറിലാന്‍ഡിലെ ലാന്‍ഡന്‍ സ്‌കൂളില്‍ ഹിസ്റ്ററി അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മികച്ച ഒരു കായികതാരം എന്നതിലുപരി വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനായ ഗുരുനാഥന്‍ കൂടിയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാല്‍ അടുത്തിടെ അദ്ദേഹം അവധിയിലായിരുന്നു.

'തന്റെ മക്കളായ ക്ലോയി, ഇ ജെ, ഇ സഡ്, ഈഡന്‍ എന്നിവര്‍ക്ക് മാതൃകയായ ഒരു പിതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ തളര്‍ത്തിക്കളഞ്ഞു,' ഐറിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ട്രെ ജോണ്‍സന്റെ മരണത്തില്‍ വാഷിംഗ്ടണ്‍ കമാന്‍ഡേഴ്സ് ടീമും മുന്‍ സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.