ന്യൂജഴ്‌സിയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിന് പുറത്ത് സംഘർഷം; ഐസിഇ ഏജന്റുമാരും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ന്യൂജഴ്‌സിയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിന് പുറത്ത് സംഘർഷം; ഐസിഇ ഏജന്റുമാരും പ്രതിഷേധക്കാരും ഏറ്റുമുട്ടി


ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സി സംസ്ഥാനത്തെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിന് പുറത്ത് പ്രതിഷേധക്കാരും യു.എസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. ന്യൂവർക്കിലെ ഡെലാനി ഹാൾ ഡിറ്റെൻഷൻ ഫെസലിറ്റി  കേന്ദ്രത്തിൽ തടവുകാർ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് പ്രതിഷേധം ശക്തമായത്.

തടങ്കൽ കേന്ദ്രത്തിനുള്ളിലെ മോശം സാഹചര്യങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. ചില പ്രതിഷേധക്കാർ ഐസിഇ ഉദ്യോഗസ്ഥർക്കെതിരെ വെള്ളക്കുപ്പികൾ എറിഞ്ഞതിനെ തുടർന്ന് പൊലീസ് പെപ്പർ സ്‌പ്രേ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച വാഹനങ്ങൾ തടയുന്നതിനായി പ്രതിഷേധക്കാർ റോഡിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. തടവുകാരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമാണിതെന്ന് പ്രവർത്തകർ ആരോപിച്ചു.

'കുടിയേറ്റ വിഷയങ്ങളിൽ ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ആളുകൾ അതിനെതിരെ നിലകൊള്ളാൻ തയ്യാറാണ്,' എന്ന് സാമൂഹിക പ്രവർത്തകനായ കെയ്‌ലർ ഡിനീൻ പ്രതികരിച്ചു.

സംഭവസ്ഥലത്തെ ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ഐസിഇ ഉദ്യോഗസ്ഥർ ലാത്തികളുമായി കവചവാഹനങ്ങൾക്കരികിൽ നിലയുറപ്പിച്ചിരിക്കുന്നതും കാണാം.

തടങ്കൽ കേന്ദ്രത്തിനുള്ളിൽ തടവുകാർ നിരാഹാര സമരവും ജോലി ബഹിഷ്‌കരണവും ആരംഭിച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആരോപണം. മോശം ജീവിത സാഹചര്യങ്ങൾക്കെതിരെയും മോചനം ആവശ്യപ്പെട്ടുമാണ് സമരമെന്നാണ് അവർ പറയുന്നത്.

ഇതിനിടെ ന്യുജഴ്‌സി ഗവർണർ  മിക്കി ഷെരിൽ കേന്ദ്രം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രവേശനം നിഷേധിച്ചതായി വ്യക്തമാക്കി. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അകത്ത് പ്രവേശിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി അനുമതി നിഷേധിച്ചു,' അവർ പറഞ്ഞു.

അതേസമയം തടവുകാർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങളും ഭക്ഷണവും ശുചിത്വ സൗകര്യങ്ങളും ആശയവിനിമയ സംവിധാനങ്ങളും നൽകുന്നുണ്ടെന്നാണ് ഐസിഇ അധികൃതരുടെ വിശദീകരണം.

എന്നാൽ ഈ അവകാശവാദങ്ങളെ പ്രതിഷേധക്കാരും രാഷ്ട്രീയ നേതാക്കളും ചോദ്യം ചെയ്തു. 'എല്ലാവരെയും മാനുഷികമായി പരിഗണിക്കണം. ഈ കേന്ദ്രത്തിലെ സാഹചര്യങ്ങളാണ് ഞങ്ങളുടെ പ്രധാന പ്രതിഷേധ വിഷയം,' എന്നും പ്രവർത്തകർ പറഞ്ഞു.