വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് അമേരിക്കക്കെതിരെ ഇറാൻ; 'ഒരു ആക്രമണത്തിനും മറുപടി നൽകാതെ വിടില്ലെന്ന്

വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് അമേരിക്കക്കെതിരെ ഇറാൻ; 'ഒരു ആക്രമണത്തിനും മറുപടി നൽകാതെ വിടില്ലെന്ന്


തെഹ്രാൻ: വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ച് അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. കഴിഞ്ഞ 48 മണിക്കൂറിനിടെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ അമേരിക്ക ആക്രമണം നടത്തിയെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം.

'വെടിനിർത്തൽ നിലവിലുണ്ടായിരിക്കെ അമേരിക്കൻ സൈന്യം നിയമവിരുദ്ധവും ന്യായീകരിക്കാനാകാത്തതുമായ നടപടികൾ തുടരുകയാണ്. ഹോർമോസ്ഗാൻ മേഖലയിൽ നടന്നത് വെടിനിർത്തലിന്റെ ഗുരുതര ലംഘനമാണ്' എന്ന് ഇറാൻ പ്രസ്താവനയിൽ പറഞ്ഞു.

ഇറാനെതിരായ ഒരു ആക്രമണത്തിനും മറുപടി നൽകാതെ വിടില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാൻ മടിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ ഏത് സംഭവത്തെയാണ് ഉദ്ദേശിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും കടലിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സ്വയം പ്രതിരോധ നടപടിയുടെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്ക വിശദീകരിച്ചു.

അമേരിക്കൻ വിമാനങ്ങൾ ഇറാൻ വ്യോമപരിധിയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ വെടിയുതിർത്തെന്നും ഇറാൻ സേന അവകാശപ്പെട്ടു.

ഇതിനിടെ ഒമാനിന് സമീപം സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പലിൽ സ്‌ഫോടനം ഉണ്ടായതായും റിപ്പോർട്ടുണ്ട്. യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ്  സംഭവം സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരും കപ്പലും സുരക്ഷിതമാണെങ്കിലും ഇന്ധനത്തിന്റെ ഒരു ഭാഗം കടലിലേക്ക് ചോർന്നതായും അധികൃതർ അറിയിച്ചു.

ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ നിന്ന് ഏകദേശം 60 നോട്ടിക്കൽ മൈൽ അകലെയുള്ള ഗൾഫ് ഓഫ് ഒമാൻ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. 'ബാഹ്യ സ്‌ഫോടനമാണ്' ഉണ്ടായതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.