മീൻകറി കൂട്ടി ഊണിന് 5 രൂപ, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ; ബം​ഗാളിൽ വമ്പൻ പ്രഖ്യാപനവുമായി സുവേന്ദു

മീൻകറി കൂട്ടി ഊണിന് 5 രൂപ, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ; ബം​ഗാളിൽ വമ്പൻ പ്രഖ്യാപനവുമായി സുവേന്ദു


കൊല്‍ക്കത്ത: അധികാരത്തിലേറിയതിന് പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങളുമായി ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ ഇന്ന് (മേയ് 27) മുതൽ വിതരണം ചെയ്യും. സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യഷാപ്പുകള്‍ അനുവദിക്കില്ല. ആഴ്ചയില്‍ രണ്ടുദിവസം പ്രത്യേകം സജ്ജമാക്കിയ 400 ഓളം കാന്റീനുകളിലൂടെ 5 രൂപയ്ക്ക് മീനും ചോറും അടങ്ങിയ ഊണ് സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് മാറ്റി ആയുഷ് എന്ന പുതിയ വകുപ്പ് രൂപീകരിക്കും. അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടി കർശനമാക്കും. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുമ്പ് താമസിപ്പിക്കാൻ പ്രത്യേക സെന്ററുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി. 

പൊതുമേഖല സ്ഥാപനങ്ങളിലെ നിയമന ക്രമക്കേടുകള്‍ തടയുന്നതിനായി അടുത്ത ബജറ്റ് സമ്മേളനത്തില്‍ പുതിയ നിയമന നയം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നയത്തിന് പിന്തുണ നല്‍കുന്നതിനായി അടുത്ത നിയമസഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് തെളിവുകള്‍ സഹിതം പരാതി നല്‍കാമെന്നും, അവരുടെ പക്കല്‍ തെളിവുകളില്ലെങ്കില്‍ പൊലീസ് അന്വേഷിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.