ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് നിയമവിരുദ്ധം'; ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് റൂബിയോ

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് നിയമവിരുദ്ധം'; ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് റൂബിയോ


ജയ്പൂര്‍: ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കണമെന്നത് അനിവാര്യമാണെന്നും അത് അടച്ചിടുന്നത് നിയമവിരുദ്ധവും ലോകത്തിന് അംഗീകരിക്കാനാവാത്തതുമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇറാനിലെ മിസൈല്‍ താവളങ്ങളെയും ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മൈന്‍ സ്ഥാപിക്കുന്ന ബോട്ടുകളെയും അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം.

ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ റൂബിയോ ജയ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേസമയം, ആക്രമണങ്ങള്‍ക്കിടയിലും ഇറാനുമായി ധാരണയിലെത്താനാകുമെന്ന പ്രതീക്ഷ അമേരിക്കയ്ക്ക് ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ ചര്‍ച്ചകള്‍ നടന്നതായും പുരോഗതി കൈവരിക്കാനാകുമോ എന്ന് കാത്തിരിക്കുകയാണെന്നും റുബിയോ പറഞ്ഞു. പ്രാഥമിക കരാറിലെ വാചകങ്ങളുമായി ബന്ധപ്പെട്ട് ഇരു പക്ഷങ്ങളും ചര്‍ച്ച തുടരുകയാണ്. അതിന് കുറച്ച് ദിവസങ്ങള്‍ കൂടി വേണ്ടിവരും. നല്ലൊരു കരാറോ അല്ലെങ്കില്‍ ഒരു കരാറുമില്ലാത്ത സാഹചര്യമോ ആയിരിക്കും ഉണ്ടാകുക എന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 25ന് അമേരിക്ക വീണ്ടും ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഇത് സ്വയം പ്രതിരോധ നടപടികളാണെന്നാണ് വിശേഷിപ്പിച്ചത്.

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയന്‍ മിസൈല്‍ ലോഞ്ച് കേന്ദ്രങ്ങളും മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകളുമാണ് ലക്ഷ്യമിട്ടതെന്ന് സെന്റ്‌കോം വക്താവ് ടിമോത്തി ഹോക്കിന്‍സ് അറിയിച്ചു.

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തലും സാധ്യതാപരമായ കരാര്‍ ചര്‍ച്ചകളും തുടരുന്നതിനിടെയായിരുന്നു ആക്രമണം.

ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുണ്ടായ സ്‌ഫോടനങ്ങള്‍ക്കുശേഷം സംസാരിച്ച സെന്റ്കോം വക്താവ് ഹോക്കിന്‍സ് ഇറാനിയന്‍ സേനയില്‍നിന്നുള്ള ഭീഷണികളില്‍നിന്ന് തങ്ങളുടെ സൈനികരെ സംരക്ഷിക്കാന്‍ തെക്കന്‍ ഇറാനില്‍ അമേരിക്കന്‍ സേന സ്വയം പ്രതിരോധ ആക്രമണം നടത്തി. മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ഇറാനിയന്‍ ബോട്ടുകളും ലക്ഷ്യമിട്ടു. വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തിലും അമേരിക്കന്‍ സേന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും വ്യക്തമാക്കി.