അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ 'പിന്മാറ്റമില്ല'; ആദ്യ പൊതുപ്രസംഗത്തില്‍ ഇറാന്റെ പുതിയ എസ് എന്‍ എസ് സി മേധാവി

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ 'പിന്മാറ്റമില്ല'; ആദ്യ പൊതുപ്രസംഗത്തില്‍ ഇറാന്റെ പുതിയ എസ് എന്‍ എസ് സി മേധാവി


തെഹ്‌റാന്‍: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടത്തില്‍ ഇറാന്‍ ഒരിക്കലും പിന്മാറില്ലെന്ന് രാജ്യത്തിന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ (എസ് എന്‍ എസ് സി) പുതിയ മേധാവി മുഹമ്മദ് ബാഗര്‍ സോല്‍ഘദര്‍ പ്രഖ്യാപിച്ചു. ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിലാണ് സോല്‍ഘദര്‍ കടുത്ത നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടത്തില്‍ ഒരു പിന്മാറ്റവും ഉണ്ടാകില്ലെന്ന് ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം ന്യൂസിനോട് സോല്‍ഘദര്‍ പറഞ്ഞു. സൈനിക രംഗത്തും നയതന്ത്ര രംഗത്തും തെരുവിലിറങ്ങിയ ജനങ്ങളുടെ ധീരമായ പ്രതിരോധത്തിലൂടെയും ശത്രുവിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുന്‍ മേധാവി അലി ലാരിജാനിയുടെ മരണത്തെ തുടര്‍ന്നാണ് മാര്‍ച്ചില്‍ സോല്‍ഘദറെ എസ് എന്‍ എസ് സി മേധാവിയായി നിയമിച്ചത്. ഇതിന് മുമ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ ആര്‍ ജി സി) രണ്ടാം കമാന്‍ഡറായിരുന്നു അദ്ദേഹം. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഇറാന്റെ ഭരണസംവിധാനത്തില്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ സ്വാധീനം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ഈ നിയമനത്തെ വിലയിരുത്തുന്നത്.

രാജ്യത്ത് ഐക്യവും കൂട്ടായ്മയും നിലനിര്‍ത്തണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത സോല്‍ഘദര്‍ സാമൂഹിക ഐക്യവും ഈ പോരാട്ടത്തിലെ മറ്റൊരു യുദ്ധമുഖമാണെന്ന് പറഞ്ഞു. വിഭജനപരമായ വാക്കുകളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കാനുള്ള കൂട്ടായ ശ്രമം ഇറാനെ അന്തിമ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗ്രേറ്റര്‍ തെഹ്‌റാനിലെ ഐ ആര്‍ ജി സി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹസന്‍ ഹസന്‍സാദെ ഇറാന്‍ ഇപ്പോള്‍ യുദ്ധത്തിന്റെ തുടക്കകാലത്തേക്കാള്‍ ശക്തമാണെന്ന് അവകാശപ്പെട്ടു. അമേരിക്കയും ഇസ്രായേലും ചേര്‍ന്നുള്ള യുദ്ധം ആരംഭിച്ച ആദ്യ ദിവസത്തേക്കാള്‍ ഇപ്പോള്‍ ഇറാന്‍ കൂടുതല്‍ ശക്തമാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക സമ്മര്‍ദവും ഭീഷണിയും തുടരുകയാണെങ്കില്‍ വീണ്ടും പരാജയവും ശക്തവും മാരകവും ഖേദകരവുമായ പ്രഹരങ്ങളും നേരിടേണ്ടിവരുമെന്ന് ഹസന്‍സാദെ മുന്നറിയിപ്പ് നല്‍കി.

തെഹ്‌റാന്റേയും പ്രധാന ഭരണകേന്ദ്രങ്ങളുടെയും സുരക്ഷയുടെ ചുമതലയുള്ള ഹസന്‍സാദെ, സംഘര്‍ഷത്തിനിടെ ഇറാന്റെ സായുധസേന കൂടുതല്‍ ശക്തിപ്പെട്ടുവെന്നും അവകാശപ്പെട്ടു. ഇറാന്റെ സായുധസേന ദുര്‍ബലമായിട്ടില്ലെന്നും മറിച്ച് യുദ്ധത്തിന്റെ തുടക്കത്തേക്കാള്‍ കൂടുതല്‍ ശക്തവും സജ്ജവുമായിരിക്കുകയാണെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രതിരോധ ശേഷിയും തന്ത്രപ്രധാന ഉപകരണങ്ങളും എല്ലാം ഇറാനിയന്‍ യുവാക്കളാണ് നിര്‍മിച്ചിരിക്കുന്നത്. ചില മേഖലകളില്‍ ശത്രുവിന് തടസ്സങ്ങള്‍ സൃഷ്ടിക്കാനാകുമെങ്കിലും മിസൈല്‍, ഡ്രോണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ശക്തി വികസനത്തില്‍ ഇറാന്റെ മുന്നേറ്റം തടയാന്‍ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.