അമേരിക്കയിൽ ബൈക്ക് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും 19 പേർക്ക് പരിക്ക്

അമേരിക്കയിൽ ബൈക്ക് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും 19 പേർക്ക് പരിക്ക്


സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ നടന്ന വാർഷിക മോട്ടോർസൈക്കിൾ ഫെസ്റ്റിവലിനിടെ ഉണ്ടായ തിക്കിലും തിരക്കിലും കുറഞ്ഞത് 19 പേർക്ക് പരിക്കേറ്റു. അറ്റ്‌ലാന്റിക് ബീച്ചിൽ നടന്ന  ബ്ലാക് പേൾ കൾച്ചറൽ ഹെരിറ്റേജ് ആന്റ് ബൈക്ക് ഫെസ്റ്റിവൽ  എന്ന പരിപാടിക്കിടെയാണ് സംഭവം.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരിപാടി നടക്കുന്ന വേദിക്കു സമീപം ഒരാൾ അപ്രതീക്ഷിതമായി ഓടിത്തുടങ്ങിയതോടെ ജനക്കൂട്ടത്തിനിടയിൽ പരിഭ്രാന്തി പടരുകയും ആളുകൾ പരസ്പരം തള്ളിക്കയറിയതുമാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

സംഭവസമയത്ത് സംഘർഷമോ ആയുധപ്രയോഗമോ സുരക്ഷാ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് അറ്റ്‌ലാന്റിക് ബീച്ച് ഇടക്കാല ടൗൺ മാനേജർ ടൈറ്റസ് ലീക്‌സ്  അറിയിച്ചു. 'ഒരു വ്യക്തി ഓടിത്തുടങ്ങിയതോടെ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന പരിഭ്രാന്തിയാണ് കൂട്ടത്തിരക്കിന് കാരണമായത്' എന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വേഗത്തിൽ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. മർട്ടിൽ ബീച്ചിൽ നിന്ന് ഏകദേശം 17 മൈൽ അകലെയാണ് അറ്റ്‌ലാന്റിക് ബീച്ച് സ്ഥിതി ചെയ്യുന്നത്.

ഹോറി കൗണ്ടി അഗ്നി രക്ഷാ അധികൃതർ ആദ്യം സംഭവത്തെ 'വൻ ദുരന്തസാഹചര്യം' എന്ന നിലയിലാണ് വിശേഷിപ്പിച്ചത്. പരിക്കേറ്റ 19 പേർക്ക് ചികിത്സ നൽകിയതായും മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

സ്ഥിതി നിയന്ത്രണത്തിലായതിനു പിന്നാലെ ഫെസ്റ്റിവൽ വീണ്ടും സാധാരണ രീതിയിൽ തുടരുകയും ചെയ്തു. 'പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ച് ഞങ്ങൾക്ക് അതിയായ ആശങ്കയുണ്ട്. സന്ദർശകരുടെയും നാട്ടുകാരുടെയും സുരക്ഷയാണ് പ്രധാന പരിഗണന' എന്നും ടൈറ്റസ് ലീക്‌സ് പറഞ്ഞു.

കഴിഞ്ഞ 40 വർഷമായി എല്ലാ മെമ്മോറിയൽ ഡേ വാരാന്ത്യത്തിലും നടക്കുന്ന ഈ ബൈക്ക് ഫെസ്റ്റിവൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് മോട്ടോർസൈക്കിൾ പ്രേമികളെ ആകർഷിക്കുന്ന പരിപാടിയാണ്. കഴിഞ്ഞ വർഷവും വെടിവെപ്പും സംഘർഷങ്ങളും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഫെസ്റ്റിവലിനെ ചുറ്റിപ്പറ്റി വിവാദം സൃഷ്ടിച്ചിരുന്നു.