വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ പുതിയ നയതന്ത്ര നീക്കങ്ങൾക്ക് വഴിവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഖത്തർ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ഉടൻ തന്നെ അബ്രഹാം കരാറിൽ ഒപ്പുവയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പരാമർശം.
'എല്ലാ രാജ്യങ്ങളും ഉടൻ അബ്രഹാം കരാറിൽ ചേരണമെന്ന് ഞാൻ നിർബന്ധപൂർവം അഭ്യർഥിക്കുന്നു' എന്ന് ട്രംപ് കുറിച്ചു. ഇറാനും അമേരിക്കയുമായി കരാറിലെത്തുകയാണെങ്കിൽ അബ്രഹാം കരാറിന്റെ ഭാഗമാകുന്നത് അഭിമാനകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'മിഡിൽ ഈസ്റ്റ് ഐക്യത്തോടെയും സാമ്പത്തിക ശക്തിയോടെയും മുന്നേറും. ലോകത്തിലെ ഏറ്റവും ശക്തമായ മേഖലയായി അത് മാറും' എന്നും ട്രംപ് അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളെ കരാറിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ തന്റെ പ്രതിനിധികൾക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
2020ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപം കൊണ്ട നയതന്ത്ര ധാരണകളാണ് അബ്രഹാം കരാറുകൾ. ഇസ്രായേലും വിവിധ അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണവത്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. യുഎഇ, ബഹറൈൻ, മൊറോക്കോ എന്നിവയാണ് ആദ്യമായി കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ. സുഡാൻ കരാറിൽ ഒപ്പുവെച്ചെങ്കിലും ഇതുവരെ പാർലമെന്റ് അംഗീകാരം നൽകിയിട്ടില്ല.
ഇതിനിടെ ഈജിപ്തും, ജോർദാനും നേരത്തെ തന്നെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നുവെങ്കിലും അബ്രഹാം കരാറിൽ ഔദ്യോഗികമായി ചേർന്നിരുന്നില്ല.
അബ്രഹാം കരാറിനെതിരെ പല അറബ് രാജ്യങ്ങളിലും വിമർശനമുണ്ട്. പലസ്തീൻ വിഷയത്തെ അവഗണിച്ചുള്ള നീക്കമാണിതെന്നാണ് പ്രധാന വിമർശനം.പലസ്തീൻ രാഷ്ട്രം രൂപീകരിക്കുകയും അധീനപ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറുകയും ചെയ്താൽ മാത്രമേ പൂർണബന്ധം സാധ്യമാകൂ എന്ന് 2002ൽ അറബ് ലീഗ് മുന്നോട്ടുവച്ച സമാധാന നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇറാന്റെ സ്വാധീനം ചെറുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പിന്നീട് ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായി സഹകരണം ശക്തമാക്കിയത്. ഗാസ യുദ്ധം ആരംഭിച്ചതോടെ പല രാജ്യങ്ങളും ഇസ്രായേലിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയതും അബ്രഹാം കരാറിന്റെ വ്യാപനം മന്ദഗതിയിലാക്കിയിരുന്നു.
ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള വ്യക്തമായ വഴി ഉണ്ടെങ്കിൽ മാത്രമേ സൗദി കരാറിൽ ചേരൂ എന്ന് മുഹമ്മദ് ബിൻ സൽമാൻ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ-അമേരിക്ക സംഘർഷവും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും പുതിയ നയതന്ത്ര നീക്കങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന വിലയിരുത്തലുകളും ശക്തമാണ്.
അബ്രഹാം കരാറിൽ ചേരാൻ സൗദി, പാകിസ്ഥാൻ, തുർക്കി അടക്കമുള്ള രാജ്യങ്ങളോട് ട്രംപ്; ഇറാനും പങ്കാളിയാകാമെന്ന് സൂചന
