കീവ് ഒഴിയാൻ അമേരിക്കയോട് റഷ്യയുടെ മുന്നറിയിപ്പ്; 'ഞങ്ങൾ എവിടെയും പോകുന്നില്ല' എന്ന് യൂറോപ്യൻ യൂണിയൻ

കീവ് ഒഴിയാൻ അമേരിക്കയോട് റഷ്യയുടെ മുന്നറിയിപ്പ്; 'ഞങ്ങൾ എവിടെയും പോകുന്നില്ല' എന്ന് യൂറോപ്യൻ യൂണിയൻ


മോസ്‌കോ: യുക്രൈൻ തലസ്ഥാനമായ കീവിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയോട് റഷ്യൻ വിദേശകാര്യമന്ത്രി സെർജീ ലവ്‌റോവ്  ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്.

കീവിനെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്താനാണ് റഷ്യയുടെ തീരുമാനം. 'തീരുമാന കേന്ദ്രങ്ങൾ' ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കീവിലുള്ള വിദേശ നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും സാധാരണ പൗരന്മാരും ഉടൻ നഗരം വിടണമെന്നും റഷ്യ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വാരാന്ത്യത്തിൽ റഷ്യ യുക്രൈനിൽ വൻ ഡ്രോൺമിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കീവിൽ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. 'ഒറെഷ്‌നിക്' എന്ന ഹൈപ്പർസോണിക് മിസൈലും ആക്രമണത്തിൽ ഉപയോഗിച്ചതായി റഷ്യ അവകാശപ്പെട്ടു. ശബ്ദ വേഗത്തിന്റെ പത്തിരട്ടിവരെ സഞ്ചരിക്കാൻ കഴിവുള്ളതും ആണവ വാർഹെഡ് വഹിക്കാനാകുന്നതുമായ മിസൈലാണിതെന്ന് റഷ്യ വ്യക്തമാക്കി.

റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്‌ക് മേഖലയിലെ ഒരു വിദ്യാലയം യുക്രൈൻ ആക്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ ശക്തമാക്കിയത്. ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി റഷ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തിരിച്ചടിക്ക് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

അതേസമയം റഷ്യയുടെ മുന്നറിയിപ്പ് പാശ്ചാത്യ രാജ്യങ്ങൾ തള്ളിക്കളഞ്ഞു. 'പുടിന്റെ ഭീഷണികൾ നാം ഒത്തിരി കേട്ടതാണ്, ഒഴിഞ്ഞുപോകുന്ന പ്രശ്‌നമില്ല' എന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. യൂറോപ്യൻ യൂണിയന്റെ കീവ് അംബാസഡർ 'ഞങ്ങൾ എവിടെയും പോകുന്നില്ല' എന്നും സമൂഹമാധ്യമത്തിൽ കുറിച്ചു.

റഷ്യയുടെ മുന്നറിയിപ്പിനെ യുക്രൈൻ 'ഭീഷണി നിറഞ്ഞ വാക്കുകൾ' എന്ന നിലയിലാണ് വിലയിരുത്തിയത്. 'റഷ്യയുടെ ബ്ലാക്ക്‌മെയിലിന് വഴങ്ങരുതെന്ന് ഞങ്ങൾ പങ്കാളി രാജ്യങ്ങളോട് പറയുന്നു' എന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സൈബിഗ പറഞ്ഞു.

2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ പൂർണതോതിലുള്ള അധിനിവേശം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധമായി മാറിയിരിക്കുകയാണ്. അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാനശ്രമങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ശക്തമായതോടെ ചർച്ചകൾ മന്ദഗതിയിലായിരിക്കുകയാണ്.