ഒരുമാസം മുമ്പ് കാണാതായ സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

ഒരുമാസം മുമ്പ് കാണാതായ സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി


കെന്റക്കി (യുഎസ്എ) : കെന്റക്കിയിൽ കാണാതായിരുന്ന 22കാരിയായ സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം ഏകദേശം ഒരു മാസത്തിന് ശേഷം കണ്ടെത്തി. മറി ഫൗസ്റ്റ് എന്ന വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നോർത്തേൺ കെന്റക്കി യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയായ മറി ഫൗസ്റ്റിനെ അവസാനമായി ഏപ്രിൽ 27ന് കോവിങ്ടൺ നഗരത്തിലെ ലാറ്റോണിയ പ്രദേശത്താണ് കണ്ടത്. സിൻസിനാറ്റിയിൽ നിന്ന് ഏകദേശം ഒൻപത് മൈൽ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഏപ്രിൽ 30നാണ് വിദ്യാർഥിനിയെ കാണാതായതായി കോവിംഗ്ടൺ പൊലീസ് ഡിപ്പാർട്ട്‌മെന്റ്  ഔദ്യോഗികമായി അറിയിക്കുകയും പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തത്.

സ്വതന്ത്രമായി രൂപീകരിച്ച തിരച്ചിൽ സംഘമാണ് സമീപ നഗരമായ വൈൽഡറിലെ ഉപേക്ഷിക്കപ്പെട്ട പഴയ സ്റ്റീൽ പ്ലാന്റ് പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.ക്യാംബൈൽ കൊണ്ടി കൊറോണർ ഓഫീസ്  ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിലവിൽ ദുരൂഹ സാഹചര്യങ്ങളോ ആക്രമണത്തിന്റെ തെളിവുകളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് കൊറോണർ ഓഫീസ് പുറത്തുവിടുമെന്നും അതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും അധികൃതർ വ്യക്തമാക്കി.

തിരച്ചിലിനായി ജലരക്ഷാസംഘങ്ങളും ഡ്രോൺ സംഘങ്ങളും ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ പൊലീസ് വിന്യസിച്ചിരുന്നു. ഏപ്രിൽ 27ന് ലാറ്റോണിയയിൽ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ഫൗസ്റ്റിന്റെ അവസാന സിസിടിവി ദൃശ്യങ്ങളായിരുന്നത്.

ഫൈൻ ആർട്‌സ് വിഭാഗത്തിൽ പഠിച്ചിരുന്ന ഫൗസ്റ്റ് ഈ മാസം ബിരുദം നേടാനിരിക്കെയായിരുന്നു ദുരന്തം. സർവകലാശാലയും വിദ്യാർഥിനിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. 'ഇത് സർവകലാശാല സമൂഹത്തിന് വലിയ നഷ്ടമാണ്' എന്ന് സർവകലാശാല വക്താവ് പ്രതികരിച്ചു.