കോംഗോയിൽ എബോള പടരുന്നു; നിയന്ത്രണ ശ്രമങ്ങളെക്കാൾ വേഗത്തിൽ രോഗവ്യാപനം, അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോംഗോയിൽ എബോള പടരുന്നു; നിയന്ത്രണ ശ്രമങ്ങളെക്കാൾ വേഗത്തിൽ രോഗവ്യാപനം, അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന


ജനീവ: കോംഗോ ഡെമോക്രാറ്റ് റിപ്പബ്ലിക്കിൽ (ഡിആർസി) പടരുന്ന എബോള വൈറസ് നിയന്ത്രണ ശ്രമങ്ങളെക്കാൾ വേഗത്തിൽ വ്യാപിക്കുന്നതായി മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനം ഗുരുതരാവസ്ഥയിലാണെന്നും കോംഗോയ്ക്ക് സമീപമുള്ള രാജ്യങ്ങൾ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോംഗെബ്രിയേസസ്  അറിയിച്ചു.

എബോള വ്യാപനവുമായി ബന്ധപ്പെട്ട് ചേർന്ന വെർച്വൽ മന്ത്രിതല യോഗത്തിലാണ് ടെഡ്രോസ് ആശങ്ക പങ്കുവച്ചത്. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി അദ്ദേഹം ചൊവ്വാഴ്ച കോൺഗോ സന്ദർശിക്കുമെന്നും അറിയിച്ചു.

'കോംഗോയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങൾ അതീവ അപകടസാധ്യത നേരിടുകയാണ്. ഉടൻ നടപടികൾ സ്വീകരിക്കണം' എന്ന് ടെഡ്രോസ് പറഞ്ഞു. രോഗബാധിതരുടെ ശരീരദ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ പകരുന്ന എബോള ഗുരുതര രക്തസ്രാവത്തിനും അവയവ തകരാറിനും മരണത്തിനും കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രോഗവ്യാപനം തിരിച്ചറിയുന്നതിൽ ഉണ്ടായ താമസവും കിഴക്കൻ കോംഗോയിലെ സുരക്ഷാ പ്രശ്‌നങ്ങളും സ്ഥിതി കൂടുതൽ സങ്കീർണമാക്കിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 'വേഗത്തിൽ പടരുന്ന മഹാമാരിയെ പിന്തുടരുന്ന അവസ്ഥയിലാണ് ഇപ്പോൾ നാം. നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നുണ്ടെങ്കിലും നിലവിൽ രോഗവ്യാപനമാണ് മുന്നിലെന്ന്' ടെഡ്രോസ് പറഞ്ഞു.

മേയ് മധ്യത്തിലാണ് കിഴക്കൻ കോംഗോയിൽ എബോള സ്ഥിരീകരിച്ചത്. അതിനുശേഷം സംഘർഷാവസ്ഥയും പ്രാദേശിക ജനങ്ങളുടെ അവിശ്വാസവും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ പടരുന്ന ബുണ്ടിബഗ്യോ വിഭാഗത്തിലുള്ള എബോള വൈറസിനെതിരെ അംഗീകൃത വാക്‌സിനോ ചികിത്സയോ നിലവിലില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

മേയ് മധ്യത്തിനുശേഷം കോംഗോയിൽ 10 സ്ഥിരീകരിച്ച മരണങ്ങളും 220 സംശയാസ്പദ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 900ഓളം പേർക്ക് രോഗബാധ ഉണ്ടായിരിക്കാമെന്നാണ് സംശയം. ഔദ്യോഗികമായി രോഗവ്യാപനം പ്രഖ്യാപിക്കുന്നതിന് മുമ്പേ വൈറസ് വ്യാപകമായി പടർന്നിരിക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

അയൽരാജ്യമായ ഉഗാണ്ടയിൽ ഒരാൾ എബോള ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിൽ രണ്ട് പുതിയ കേസുകൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതായും അധികൃതർ അറിയിച്ചു.
ആഫ്രിക്ക സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ നൽകുന്ന
മുന്നറിയിപ്പ് പ്രകാരം അംഗോള, റുവാണ്ട, ടാൻസാനിയ ഉൾപ്പെടെ പത്ത് ആഫ്രിക്കൻ രാജ്യങ്ങൾ രോഗഭീഷണിയിലാണ്.

കോംഗോയിലെ ആരോഗ്യപ്രവർത്തനങ്ങൾക്ക് സഹായമായി സാമ്പത്തിക സഹായവും മെഡിക്കൽ ഉപകരണങ്ങളും ആരോഗ്യപ്രവർത്തകരെയും ലോകാരോഗ്യ സംഘടന വിന്യസിച്ചിട്ടുണ്ടെന്ന് ടെഡ്രോസ് അറിയിച്ചു. സാധ്യതയുള്ള ചികിത്സാരീതികൾ കണ്ടെത്തുന്നതിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്.

'സ്ഥിതി മെച്ചപ്പെടുന്നതിന് മുമ്പ് കൂടുതൽ മോശമാകാം. എന്നാൽ ഈ വൈറസിനെക്കുറിച്ച് നമുക്ക് അറിയാം, അതിനെ എങ്ങനെ തടയാമെന്നും നമുക്കറിയാം' എന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.