കാലിഫോർണിയയിലെ രാസടാങ്ക് ദുരന്തഭീഷണി കുറഞ്ഞു; വൻ സഫോടന സാധ്യത ഒഴിവായതായി അധികൃതർ

കാലിഫോർണിയയിലെ രാസടാങ്ക് ദുരന്തഭീഷണി കുറഞ്ഞു; വൻ സഫോടന സാധ്യത ഒഴിവായതായി അധികൃതർ


ലോസ് ആഞ്ചലസ്: അമേരിക്കയിലെ ദക്ഷിണ കാലിഫോർണിയയിൽ പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ കാരണമായ രാസടാങ്ക് ദുരന്തഭീഷണി കുറഞ്ഞതായി അധികൃതർ അറിയിച്ചു. വൻ സഫോടനത്തിനും അഗ്നിബാധയ്ക്കും സാധ്യതയുണ്ടെന്ന ആശങ്ക ഇപ്പോൾ ഇല്ലാതായതായി ഓറഞ്ച് കൗണ്ടി അഗ്നിശമന സേനാ അധികൃതർ വ്യക്തമാക്കി.

ലോസ് ആഞ്ചലസിൽ നിന്ന് ഏകദേശം 30 മൈൽ അകലെയുള്ള ഗാർഡൻ ഗ്രോവിലെ ജികെഎൻ ഏയ്‌റോ സ്‌പെയ്‌സ് എന്ന സ്ഥാപനത്തിലെ രാസടാങ്കിലെ താപനില കുറഞ്ഞതോടെയാണ് ആശ്വാസകരമായ സാഹചര്യം ഉണ്ടായത്. 'വലിയ വാഷ്പ സഫോടനത്തിനുള്ള ഭീഷണി ഇനി നിലവിലില്ല' എന്ന് ഓറഞ്ച് കൗണ്ടി ഫയർ അതോറിറ്റി ഇടക്കാല മേധാവി ടിജെ മാക്ഗവൻ അറിയിച്ചു.

എന്നാൽ പ്രതിസന്ധി പൂർണമായി അവസാനിച്ചിട്ടില്ലെന്നും ചെറിയ തോതിലുള്ള ചോർച്ചയോ അപകടമോ സംഭവിക്കാനുള്ള സാധ്യത തുടരുന്നതായും അധികൃതർ പറഞ്ഞു. ടാങ്കിനുള്ളിലെ താപനില കുറഞ്ഞതോടെ രാസവസ്തു ഭാഗികമായി കട്ടപിടിക്കാൻ തുടങ്ങിയതായും അധികൃതർ അറിയിച്ചു.

ഇതിനിടെ ഒഴിപ്പിക്കൽ ഉത്തരവ് ഇപ്പോഴും തുടരുന്നുണ്ടെന്ന് ഫയർ അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിമാന എഞ്ചിനുകളും ലാൻഡിങ് ഗിയറുകളും നിർമ്മിക്കുന്ന സ്ഥാപനത്തിലെ 34,000 ഗാലൻ ശേഷിയുള്ള ടാങ്കിൽ അമിത ചൂട് ഉയർന്നതായി കണ്ടെത്തിയത്. ടാങ്കിൽ മെത്തിൽ മെതാക്രിലേറ്റ് എന്ന വ്യാവസായിക രാസവസ്തുവാണ് ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഈ രാസവസ്തു ശ്വസന പ്രശ്‌നങ്ങൾക്കും കണ്ണ്, ത്വക്ക് അസ്വസ്ഥതകൾക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

സ്ഥിതി ഗുരുതരമായതോടെ സമീപപ്രദേശങ്ങളിലെ ഏകദേശം 50,000 ആളുകളെ ഒഴിപ്പിച്ചിരുന്നു. വിഷവാതക ചോർച്ചയോ വൻ തീപിടിത്തമോ ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ഗവർണർ ഗാവിൻ ന്യൂസം ഓറഞ്ച് കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ടാങ്ക് തണുപ്പിക്കുന്നതിനായി അഗ്‌നിരക്ഷാസേന തുടർച്ചയായി ശ്രമം നടത്തിവരികയാണ്. ശനിയാഴ്ച രാത്രി ടാങ്കിൽ കണ്ടെത്തിയ വിള്ളൽ അകത്തെ മർദം കുറയ്ക്കാൻ സഹായിച്ചതായും അധികൃതർ പറഞ്ഞു. എന്നാൽ രാസവസ്തു ചോർച്ച ഉണ്ടായിട്ടില്ലെന്നും വായു ഗുണനിലവാരം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

ഏകദേശം 10 ചതുരശ്ര മൈൽ വിസ്തൃതിയിലുള്ള ഒഴിപ്പിക്കൽ മേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങൾ നിലവിൽ സുരക്ഷിതമാണെന്നും സാധാരണ ജീവിതം തുടരാമെന്നും അധികൃതർ അറിയിച്ചു. ഒഴിപ്പിക്കൽ മേഖലയ്ക്കുള്ളിൽ സ്‌കൂളുകൾ, ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അഗ്‌നിരക്ഷാപോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള നിർണായക സംവിധാനങ്ങൾ ഉൾപ്പെടുന്നു. നിരവധി റോഡുകളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.