ആഗ്ര: ഇന്ത്യ സന്ദർശനത്തിനിടെ താജ്മഹൽ സന്ദർശിച്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ പരിഹസിച്ച് ഇറാൻ. റൂബിയോയും ഭാര്യയും താജ്മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് ഹൈദരാബാദിലെ ഇറാൻ കോൺസലേറ്റ് പരിഹാസ പ്രതികരണവുമായി രംഗത്തെത്തിയത്.
'താജ്മഹലിന്റെ ചരിത്രവും ശില്പശാസ്ത്രവും അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിൽ ഇവിടെ നിന്നു ചിത്രം എടുക്കുമായിരുന്നില്ല' എന്നാണ് ഇറാൻ കോൺസലേറ്റ് എക്‌സിൽ കുറിച്ചത്. 'ഒരു മുഗൾ ചക്രവർത്തിയുടെ ഇറാനിയൻ വംശജയായ ഭാര്യയോടുള്ള സ്‌നേഹത്തിന്റെ സ്മാരകമാണിത്. ഇറാനിയൻ ശില്പികൾ നിർമിച്ച ഈ സ്മാരകത്തിന് മുന്നിൽ നിൽക്കുന്ന അതേ സർക്കാരാണ് ഇന്ന് ഇറാനിയൻ സംസ്‌കാരത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്' എന്നും കോൺസലേറ്റ് വിമർശിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയും സമാധാന ചർച്ചകളും തുടരുന്നതിനിടെയാണ് ഈ പ്രതികരണം ശ്രദ്ധ നേടിയത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
മുഗൾ ചക്രവർത്തിയായ ഷാ ജഹാൻ തന്റെ ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി നിർമിച്ചതാണ് താജ്മഹൽ. മുംതാസ് മഹൽ പേർഷ്യൻ വംശപരമ്പരയിലുള്ളവളായിരുന്നു. താജ്മഹലിന്റെ ശില്പകലയിൽ പേർഷ്യൻ സ്വാധീനം വ്യക്തമായി കാണാമെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.
ഇന്ത്യ, പേർഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളും ശില്പികളും ചേർന്നാണ് താജ്മഹൽ നിർമാണം പൂർത്തിയാക്കിയതെന്ന് ചരിത്ര രേഖകൾ പറയുന്നു. ഖുർആൻ വാക്യങ്ങൾ ഉൾപ്പെടെയുള്ള ഇസ്ലാമിക അലങ്കാര ശൈലികളും സ്മാരകത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനിടെ താജ്മഹൽ സന്ദർശിച്ച റൂബിയോ, അതിനെ 'ലോക അത്ഭുതങ്ങളിൽ ഒന്ന്' എന്ന് വിശേഷിപ്പിച്ചിരുന്നു.
താജ്മഹൽ സന്ദർശിച്ച മാർക്കോ റൂബിയോയെ പരിഹസിച്ച് ഇറാൻ; 'ചരിത്രം അറിഞ്ഞിരുന്നെങ്കിൽ അവിടെ ഫോട്ടോ എടുക്കുമായിരുന്നില്ല'
