ദുബായ്/ കെയ്റോ: മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക- ഇറാന്‍ ചര്‍ച്ചകള്‍ ഖത്തറിലെ ദോഹയില്‍ പുരോഗമിക്കുന്നതിനിടെ തെക്കന്‍ ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി.
നിലവിലുള്ള വെടിനിര്‍ത്തല്‍ സാഹചര്യത്തില്‍ പരമാവധി നിയന്ത്രണം പാലിച്ചുകൊണ്ട് തങ്ങളുടെ സേനയെ സംരക്ഷിക്കുകയാണെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് നേവി ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് അറിയിച്ചു.
ഇതിനിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രധാനിയായ ഇറാന്റെ വിദേശകാര്യ മന്ത്രി ഖത്തര്‍ പ്രധാനമന്ത്രിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കല്‍, ആണവ വിഷയങ്ങളില്‍ സമയപരിധിയുള്ള ചര്‍ച്ചകള്‍, ഇറാന്റെ ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉള്‍പ്പെട്ടതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നയതന്ത്രത്തിന് എല്ലാ അവസരവും നല്‍കിയ ശേഷമേ അമേരിക്ക മറ്റൊരു മാര്‍ഗം പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കി.
ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതും ആണവ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നതുമായി ബന്ധപ്പെട്ട ശക്തമായ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ മേശപ്പുറത്തുള്ളതെന്നും റൂബിയോ പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ നടത്തിയ ദീര്‍ഘ കുറിപ്പില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുകയാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ഇത് എല്ലാവര്‍ക്കും ഗുണകരമായ മഹത്തായ കരാറായിരിക്കാമെന്നും അല്ലെങ്കില്‍ യാതൊരു കരാറും ഉണ്ടാകില്ലെന്നുമാണ് ട്രംപ് കുറിച്ചത്.
ദോഹ ചര്‍ച്ചകളില്‍ ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണവും വിദേശ ബാങ്കുകളില്‍ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ഫണ്ടുകള്‍ വിട്ടുനല്‍കുന്നതും ചര്‍ച്ചയായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും പങ്കെടുത്തിരുന്നു.
അതേസമയം, അടിസ്ഥാന ധാരണയുണ്ടായാല്‍ മാത്രമേ ആണവ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗ്ഹായെ വ്യക്തമാക്കി.
ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയുകയാണ് ഈ യുദ്ധത്തിലെ അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആണവായുധ നിര്‍മാണ പദ്ധതികളില്ലെന്ന നിലപാടിലാണ് ഇറാന്‍.
ഇതിനിടെ, പുതിയ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ 'ശത്രുവിന്റെ സ്റ്റെല്‍ത്ത് ഡ്രോണ്‍' വെടിവെച്ചിട്ടതായും ഇറാന്‍ അവകാശപ്പെട്ടു. ഇത് പേര്‍ഷ്യന്‍ ഗള്‍ഫിലെ ആകാശപരിധിയില്‍ ഇനി സ്റ്റെല്‍ത്ത് ഡ്രോണുകള്‍ക്ക് കടന്നുകയറാനാവില്ലെന്ന സന്ദേശമാണെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരുവശത്ത്, ലെബനനിലെ ഹിസ്ബുള്ളക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. പിന്നാലെ ലെബനനിലെ ബെക്കാ താഴ്‌വര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയതായും സൈന്യം അറിയിച്ചു.
ട്രംപ് തന്റെ കുറിപ്പില്‍ കൂടുതല്‍ അറബ്- മുസ്ലിം രാജ്യങ്ങള്‍ അബ്രഹാം അക്കോര്‍ഡില്‍ ഒപ്പുവെക്കണമെന്നും ആവശ്യപ്പെട്ടു. സൗദി അറേബ്യയും ഖത്തറും ഉടന്‍ തന്നെ കരാറില്‍ ചേരണമെന്നും പാകിസ്ഥാന്‍, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി എന്നിവയും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോര്‍മൂസ് കടലിടുക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട കരാറില്‍ പ്രത്യേക വ്യവസ്ഥകളില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളോട് ടോള്‍ ഈടാക്കില്ലെങ്കിലും നാവിഗേഷന്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സേവനങ്ങള്‍ക്കായി ഫീസ് ഈടാക്കുമെന്ന് ബഗ്ഹായെ അറിയിച്ചു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുമ്പ് ദിവസേന 125 മുതല്‍ 140 വരെ കപ്പലുകള്‍ കടന്നുപോയിരുന്നിടത്ത് ഇപ്പോള്‍ ഏതാനും ഡസന്‍ കപ്പലുകള്‍ മാത്രമാണ് സഞ്ചരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ അനുമതിയോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 32 കപ്പലുകളും അഞ്ച് എണ്ണ ടാങ്കറുകളും കടലിടുക്ക് കടന്നുപോയതായി ഇറാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷാവസ്ഥ മൂലം ആഗോള എണ്ണവില കുതിച്ചുയര്‍ന്നതോടെ ഇന്ധനം, വളം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലയും ഉയര്‍ന്നിരുന്നു. എന്നാല്‍ സമാധാന കരാറിന് സാധ്യതയുണ്ടെന്ന പ്രതീക്ഷയില്‍ തിങ്കളാഴ്ച എണ്ണവില രണ്ട് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.
