ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഗള്‍ഫ് തീരപ്രദേശങ്ങളിലും സ്‌ഫോടനങ്ങള്‍

ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഗള്‍ഫ് തീരപ്രദേശങ്ങളിലും സ്‌ഫോടനങ്ങള്‍


തെഹ്‌റാന്‍: ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലും ഹോര്‍മൂസ് കടലിടുക്കിനോട് ചേര്‍ന്ന തീരപ്രദേശങ്ങളിലുമായി വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനങ്ങളുടെ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം ന്യൂസ് പ്രകാരം ബന്ദര്‍ അബ്ബാസില്‍ മൂന്ന് സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മൂസ് കടലിടുക്കിനോട് ചേര്‍ന്ന സിറിക്, ജാസ്‌ക് തീരനഗരങ്ങളിലുമാണ് സമാനമായ ശബ്ദങ്ങള്‍ കേട്ടതെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സിയും അറിയിച്ചു.

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രമാര്‍ഗങ്ങളിലൊന്നായ ഹോര്‍മൂസ് കടലിടുക്ക് ആഗോള എണ്ണക്കയറ്റുമതിയുടെ വലിയൊരു വിഹിതം കൈകാര്യം ചെയ്യുന്ന മേഖലയാണ്. ഇറാന്റെ പ്രധാന നാവിക താവളങ്ങളും വ്യാപാര തുറമുഖങ്ങളും ബന്ദര്‍ അബ്ബാസിലാണുള്ളത്.

കെര്‍മന്‍ഷാ, ഇസ്ഫഹാന്‍ നഗരങ്ങളിലുമുള്ള സ്‌ഫോടന ശബ്ദങ്ങളെയും വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ രണ്ട് അതിവേഗ ആക്രമണ ബോട്ടുകള്‍ 'ശത്രു യുദ്ധവിമാനങ്ങള്‍' ആക്രമിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാല് ഐ ആര്‍ ജി സി അംഗങ്ങള്‍ കൊല്ലപ്പെട്ടതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ മേധാവിയായി നിയമിതനായ മുഹമ്മദ് ബാഗര്‍ സോല്‍ഘദര്‍ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടത്തില്‍ നിന്ന് ഇറാന്‍ പിന്മാറില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

സൈനിക രംഗത്തും നയതന്ത്ര രംഗത്തും ജനങ്ങളുടെ പ്രതിരോധത്തിലും ശത്രുവിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞതായി തസ്നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.