വനമുത്തശ്ശി ദേവകിയമ്മ പദ്മശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി

വനമുത്തശ്ശി ദേവകിയമ്മ പദ്മശ്രീ പുരസ്‌ക്കാരം ഏറ്റുവാങ്ങി


ന്യൂഡല്‍ഹി: വനമുത്തശ്ശിയെന്ന് അറിയപ്പെടുന്ന ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ദേവകിയമ്മ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, സ്പീക്കര്‍ ഓം ബിര്‍ള, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.  

സ്വന്തം താമസസ്ഥലത്തിലുള്‍പ്പെട്ട തരിശുഭൂമിയെ വന ആവാസ വ്യവസ്ഥയാക്കി മാറ്റിയ ദേവകിയമ്മ നാല് പതിറ്റാണ്ടായി കൊല്ലക്കല്‍ തപോവനം എന്ന അഞ്ചേക്കര്‍ വിസ്തൃതിയുള്ള വനം പരിപാലിച്ചുവരുന്നു. മുൂവായിരത്തിലധികം മരങ്ങളും തദ്ദേശീയവും ഔഷധപരവും അപൂര്‍വവുമായ സസ്യജാല സമ്പന്നമാണ് തപോവനം.  

1934 ഓഗസ്റ്റ് 19ന് ജനിച്ച ദേവകി അമ്മ നെല്ല്, എള്ള്, തെങ്ങ്, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്തിരുന്നു. 1980ല്‍ വാഹനാപകടത്തില്‍ കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ചലനശേഷി പരിമിതപ്പെട്ടതോടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നിലക്കുകയായിരുന്നു. സുഖം പ്രാപിച്ചപ്പോള്‍, വിളവെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മണല്‍ നിറഞ്ഞ ഭൂമിയില്‍ അവര്‍ തൈകള്‍ നടാന്‍ തുടങ്ങി. അതാണ് ക്രമേണ വനവല്‍ക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ആജീവനാന്ത പ്രതിബദ്ധതയായി മാറിയത്. 

വര്‍ഷം മുഴുവനും ജലലഭ്യത ഉറപ്പാക്കുന്നതിനും ഭൂഗര്‍ഭജല പുനരുജ്ജീവനത്തിന് സംഭാവന ചെയ്യുന്നതിനും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയുന്നതിനും ജലജീവികളെ പിന്തുണയ്ക്കുന്നതിനുമായി തപോവനത്തിനുള്ളില്‍ രണ്ട് കുളങ്ങളുണ്ട്. 

വനവത്ക്കരണം പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും ചൂട് കുറക്കുന്നതിനും ചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതി  മെച്ചപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ട്. കേരളത്തില്‍ തനതായ നിരവധി അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജാലങ്ങളുടെ സംരക്ഷണ ശേഖരമായും പ്രവര്‍ത്തിക്കുന്നു. 

വിത്തുകളും തൈകളും നല്‍കി തദ്ദേശീയവും ഔഷധസസ്യങ്ങളും വളര്‍ത്താന്‍ സ്‌കൂളുകളെയും കോളേജുകളെയും വീടുകളെയും ദേവകി അമ്മ പ്രോത്സാഹിപ്പിക്കുകയും അതുവഴി പാരിസ്ഥിതിക ഉത്തരവാദിത്തത്തെക്കുറിച്ചുള്ള സമൂഹ അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

2003ല്‍ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, 2018ല്‍ നാരീശക്തി പുരസ്‌കാരം, സര്‍ക്കാറിന്റെ വനമിത്ര പുരസ്‌ക്കാരം, ഭൂമിത്ര അവാര്‍ഡ്, സംസ്ഥാന ജൈവവൈവിധ്യ അവാര്‍ഡ് (ഹരിത വ്യക്തി), മറ്റ് പരിസ്ഥിതി പുരസ്‌കാരങ്ങള്‍ തുടങ്ങിയ സംസ്ഥാനതല അവാര്‍ഡുകളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടുകാലത്തെ സമര്‍പ്പിത പരിസ്ഥിതി സേവനത്തെ അംഗീകരിച്ചു ദി ബെറ്റര്‍ ഇന്ത്യ 2019ല്‍ 'നമ്മെയെല്ലാം രക്ഷിക്കുന്ന 10 നായകരില്‍' ഒരാളായി ദേവകിയമ്മയെ ഉള്‍പ്പെടുത്തിയിരുന്നു.