87 ദിവസത്തെ നിയന്ത്രണത്തിന് ശേഷം ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഇറാന്‍ പ്രസിഡന്റിന്റെ നിര്‍ദേശം

87 ദിവസത്തെ നിയന്ത്രണത്തിന് ശേഷം ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഇറാന്‍ പ്രസിഡന്റിന്റെ നിര്‍ദേശം


തെഹ്‌റാന്‍: 87 ദിവസമായി തുടരുന്ന ഇന്റര്‍നെറ്റ് നിയന്ത്രണം അവസാനിപ്പിച്ച് രാജ്യത്ത് വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്ക് പിന്നാലെ ആരംഭിച്ച ഇന്റര്‍നെറ്റ് നിയന്ത്രണമാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇറാന്റെ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് മേധാവിയെ ഉദ്ധരിച്ചാണ് സ്റ്റേറ്റ് മീഡിയ വാര്‍ത്ത പുറത്തുവിട്ടത്.

വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് അധ്യക്ഷത വഹിച്ച സുപ്രിം കൗണ്‍സില്‍ ഓഫ് സൈബര്‍സ്പേസ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആഗോള ഇന്റര്‍നെറ്റ് സംവിധാനവുമായി ഇറാന്‍ എപ്പോള്‍, എങ്ങനെ വീണ്ടും ബന്ധിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്സ് പ്രകാരം കഴിഞ്ഞ 87 ദിവസമായി ഭൂരിഭാഗം ഇറാനിയന്‍ പൗരന്മാര്‍ക്കും ആഗോള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലായിരുന്നു. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ കഴിയുന്ന വിലകൂടിയ വിഎപിഎന്‍ സംവിധാനങ്ങളുള്ള കുറച്ചുപേര്‍ക്കു മാത്രമാണ് പരിമിതമായ ആക്സസ് ഉണ്ടായിരുന്നത്.

ജനുവരി 8ന് രാജ്യവ്യാപക സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഇറാനിയന്‍ അധികൃതര്‍ ആദ്യഘട്ട ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരിയില്‍ സേവനങ്ങള്‍ ഭാഗികമായി സാധാരണ നിലയിലായെങ്കിലും ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെ വീണ്ടും പൂര്‍ണ നിയന്ത്രണം കൊണ്ടുവന്നു.

സാധാരണ സാഹചര്യങ്ങളിലും ഇറാനില്‍ ആഗോള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. നിരവധി വെബ്‌സൈറ്റുകള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയിട്ടുള്ളപ്പോള്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ആഭ്യന്തര ഇന്‍ട്രാനെറ്റ് സംവിധാനത്തെയാണ് സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. നിലവില്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനവും ഇതിലൂടെയാണ് നടക്കുന്നത്.

ഇന്റര്‍നെറ്റ് നിയന്ത്രണം കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും ബോംബാക്രമണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാധാരണ ജനങ്ങളിലെത്തുന്നതില്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഓണ്‍ലൈന്‍ സേവനങ്ങളെ ആശ്രയിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇത് ഗുരുതര തിരിച്ചടിയായി.

അതേസമയം, ഐ ആര്‍ ജി സിയുമായി ബന്ധമുള്ള ഫാര്‍സ് ന്യൂസ് ഏജന്‍സി, ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തി. ഇന്റര്‍നെറ്റ് നിയന്ത്രണ തീരുമാനം സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് എടുത്തതെന്നും അതിനാല്‍ അതേ കൗണ്‍സില്‍ തന്നെയാണ് അത് പിന്‍വലിക്കേണ്ടതെന്നും ഫാര്‍സ് അഭിപ്രായപ്പെട്ടു.