വാഷിങ്ടണ്‍: ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. മെമ്മോറിയല്‍ ഡേയുടെ ഭാഗമായി ആര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിയില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇറാനെതിരായ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ട്രംപ് ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ 13 ധീരരായ സൈനികരെ നഷ്ടമായെന്ന് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭീകരതാ പിന്തുണ നല്‍കുന്ന രാഷ്ട്രത്തിന് ഒരിക്കലും ആണവായുധം ലഭിക്കാതിരിക്കാനാണ് അവര്‍ ജീവത്യാഗം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന് ആണവായുധം ലഭിക്കില്ലെന്നും ഒരിക്കലും ലഭിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച മറ്റൊരു പ്രസ്താവനയില്‍ ഇറാന്റെ സമ്പുഷ്ട യുറേനിയം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ട്രംപ് വിശദീകരിച്ചു. യുറേനിയം അമേരിക്കയിലേക്ക് കൊണ്ടുപോയി നശിപ്പിക്കുകയോ ഇറാന്റെ സഹകരണത്തോടെ അതത് സ്ഥലത്ത് തന്നെ നശിപ്പിക്കുകയോ അല്ലെങ്കില്‍ അംഗീകരിച്ച മറ്റൊരു സ്ഥലത്ത് ഇല്ലാതാക്കുകയോ ചെയ്യാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഇറാന്റെ പങ്കാളിത്തത്തോടെയുള്ള നടപടികള്‍ക്കുള്ള സാധ്യത ട്രംപ് പരാമര്‍ശിച്ചെങ്കിലും യുറേനിയം ഇറാന്‍ കൈവശം വെക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
