ഒട്ടാവ: തെക്കന്‍ പ്രയറി മേഖലകളില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടാനിരിക്കെ ആല്‍ബര്‍ട്ട, സസ്‌കാച്ചെവാന്‍, മാനിറ്റോബ പ്രവിശ്യകളില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ പ്രവചനപ്രകാരം റെജിന, സസ്‌കാറ്റൂണ്‍ നഗരങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ 30 ഡിഗ്രിക്ക് മുകളിലുള്ള ചൂട് അനുഭവപ്പെടും. ഇത് ഞായറാഴ്ചയിലേക്കും നീളാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
മാനിറ്റോബയില്‍ വ്യാഴാഴ്ച മുതല്‍ തെക്കന്‍ മേഖലകളിലാണ് പ്രധാനമായും ചൂട് ശക്തമാകുക. ബ്രാന്‍ഡന്‍, വിന്നിപെഗ് എന്നിവിടങ്ങളില്‍ താപനില 30 ഡിഗ്രിയോ അതിലധികമോ ആയേക്കും. അതേസമയം, ദി പാസ്, ഫ്‌ളിന്‍ ഫ്‌ളോണ്‍ മേഖലകളിലേക്കും ചൂട് വ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ആല്‍ബര്‍ട്ടയിലെ മെഡിസിന്‍ ഹാറ്റില്‍ ഈ ആഴ്ച 30 ഡിഗ്രിക്ക് മുകളിലുള്ള ചൂടിനൊപ്പം ഉയര്‍ന്ന ഈര്‍പ്പവും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇത് വളരെ ശ്രദ്ധേയമായ ഉഷ്ണതരംഗമാണെന്ന് എന്‍വയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ സീനിയര്‍ കാലാവസ്ഥാ വിദഗ്ധന്‍ ഡേവിഡ് ഫിലിപ്‌സ് പറഞ്ഞു.
അടുത്തിടെ വരെ പല മേഖലകളിലും അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഴക്കന്‍ പ്രയറി മേഖലകളിലെ തടാകങ്ങളിലും നദികളിലും ഇപ്പോഴും മഞ്ഞ് നിലനില്‍ക്കുന്നുണ്ട്. മെയ് ലോംഗ് വീക്കന്റിലെ മീന്‍പിടുത്തം സാധാരണ മീന്‍പിടിത്തത്തേക്കാള്‍ ഐസ് ഫിഷിംഗ് പോലെയായിരുന്നു എന്ന് ചിലര്‍ തമാശ പറഞ്ഞിരുന്നതായും ഫിലിപ്‌സ് കൂട്ടിച്ചേര്‍ത്തു.
തണുപ്പും ചൂടും മാറിമാറി അനുഭവപ്പെടുന്ന 'വെതര്‍ വിപ്ളാഷ്' അവസ്ഥയാണ് ഈ വര്‍ഷം കണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരു ദിവസം കടുത്ത തണുപ്പ്, പിന്നെ ഉഷ്ണതരംഗം, വീണ്ടും മഞ്ഞുവീഴ്ചയുള്ള തണുപ്പ് എല്ലാം കലര്‍ന്ന അവസ്ഥയായിരുന്നുവെന്നും ഇപ്പോള്‍ സ്ഥിതി പെട്ടെന്ന് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെതര്‍ നെറ്റ്വര്‍ക്കും ഉയര്‍ന്ന ഹ്യുമിഡെക്സ് മൂല്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വര്‍ഷം സാധാരണയേക്കാള്‍ തണുത്ത വസന്തകാലമായിരുന്നു അനുഭവപ്പെട്ടതെന്ന് ഫിലിപ്‌സ് വ്യക്തമാക്കി. വിന്നിപെഗില്‍ മാര്‍ച്ചില്‍ സാധാരണയേക്കാള്‍ 2.5 ഡിഗ്രി കുറവും ഏപ്രിലില്‍ 3 ഡിഗ്രി കുറവും മെയ് മാസത്തില്‍ 2.2 ഡിഗ്രി കുറവുമാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വസന്തകാലത്തിലെ ശൈത്യാവസ്ഥയില്‍നിന്ന് മെയ് അവസാനത്തോടെ നേരിട്ട് വേനലിന്റെ കനത്ത ചൂടിലേക്കാണ് ഇപ്പോള്‍ മാറുന്നത്. അതൊരു അതിവേഗ മാറ്റമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നീണ്ടുനിന്ന തണുത്ത കാലാവസ്ഥയ്ക്ക് ഗുണവും ഉണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടുതീയുടെ സാധ്യത കുറയാന്‍ ഇത് സഹായിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 3.15 ലക്ഷം ഹെക്ടറിലധികം വനഭൂമി കാട്ടുതീയില്‍ കത്തിനശിച്ചിരുന്നുവെങ്കില്‍ ഇത്തവണ ഇതുവരെ 16,808 ഹെക്ടര്‍ മാത്രമാണ് കത്തിനശിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ചൂടും ഇടിമിന്നലോടുകൂടിയ കാലാവസ്ഥയും ആരംഭിക്കുന്നതോടെ കാട്ടുതീ ഭീഷണി വീണ്ടും ഉയരാമെന്ന് മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അന്തരീക്ഷ ചക്രവാളത്തിലെ മാറ്റങ്ങളാണ് കടുത്ത തണുപ്പിനും പിന്നാലെയുള്ള ഈ അതിശക്തമായ ചൂടിനും കാരണമെന്ന് ഫിലിപ്‌സ് പറഞ്ഞു.
ആഗോളതാപനം ചിലപ്പോള്‍ കൂടുതല്‍ തണുത്ത ശൈത്യകാലവും സൃഷ്ടിക്കാം. കാരണം ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള തണുത്ത വായു തെക്കോട്ട് കൂടുതല്‍ നീങ്ങുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണമെന്നും സാധ്യമായിടത്ത് എയര്‍കണ്ടീഷന്‍ ഉപയോഗിക്കണമെന്നും വെതര്‍ നെറ്റ്വര്‍ക്ക് നിര്‍ദേശിച്ചു. പ്രായമായവരെയും ദുര്‍ബലരായ അയല്‍വാസികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
