ആല്‍ബര്‍ട്ട കാനഡയില്‍ തുടരണമെന്ന് ഭൂരിപക്ഷം; ഡാനിയേല്‍ സ്മിത്തിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ശക്തം: സര്‍വേ

ആല്‍ബര്‍ട്ട കാനഡയില്‍ തുടരണമെന്ന് ഭൂരിപക്ഷം; ഡാനിയേല്‍ സ്മിത്തിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ശക്തം: സര്‍വേ


ഒട്ടാവ: ആല്‍ബര്‍ട്ട കാനഡയില്‍നിന്ന് വേര്‍പെടണമോയെന്ന ചോദ്യവുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന റഫറണ്ടത്തിനുമുമ്പ് പുറത്തുവന്ന പുതിയ സര്‍വേയില്‍ ഭൂരിഭാഗം ആല്‍ബര്‍ട്ടക്കാരും കാനഡയില്‍ തുടരാനാണ് പിന്തുണ നല്‍കിയത്. അതേസമയം, വിഷയത്തില്‍ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ ഇടപെടല്‍ മോശമായ രീതിയിലാണെന്ന് പകുതിയിലധികം പേര്‍ അഭിപ്രായപ്പെട്ടു.

ഈ മാസം ആദ്യം പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പ്രഖ്യാപിച്ചതനുസരിച്ച് ആല്‍ബര്‍ട്ട കാനഡയില്‍ തുടരണോ അല്ലെങ്കില്‍ വേര്‍പിരിയലിനെക്കുറിച്ചുള്ള നിയമപരമായ ബൈന്‍ഡിംഗ് റഫറണ്ടത്തിലേക്ക് നീങ്ങണോയെന്ന ചോദ്യമാണ് ഒക്ടോബര്‍ റഫറണ്ടത്തില്‍ വോട്ടര്‍മാര്‍ക്ക് മുന്നിലെത്തുക.

ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സര്‍വേ പ്രകാരം ഔദ്യോഗിക ചോദ്യത്തിന് 60 ശതമാനം പേര്‍ നോ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. 35 ശതമാനം പേര്‍ മാത്രമാണ് യെസ് പിന്തുണച്ചത്.

അതേസമയം, കാനഡയില്‍നിന്ന് വേര്‍പെടണോ, തുടരണമോ എന്ന ലളിതമായ സാങ്കല്‍പിക ചോദ്യത്തിന് മറുപടി നല്‍കിയപ്പോള്‍ മാറിപ്പോകാനുള്ള പിന്തുണ 30 ശതമാനമായി കുറഞ്ഞു. 67 ശതമാനം പേര്‍ കാനഡയില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ലളിതമായ ചോദ്യം ചോദിക്കുമ്പോള്‍ കാനഡയില്‍ തുടരണമെന്ന് പറയുന്നവരുടെ എണ്ണം 67 ശതമാനമായി ഉയര്‍ന്നത് പ്രധാന കണ്ടെത്തലാണെന്ന് ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഷാച്ചി കുര്‍ള്‍ സി ബി സി ന്യൂസിനോട് പറഞ്ഞു.

മെയ് 22 മുതല്‍ 24 വരെ ഓണ്‍ലൈനായി നടത്തിയ സര്‍വേയില്‍ 800 ആല്‍ബര്‍ട്ടക്കാരെയാണ് ഉള്‍പ്പെടുത്തിയത്. പിശക് പരിധി മൂന്ന് ശതമാനമാണ്.

ചോദ്യത്തിന്റെ വാചകരൂപം ഏറെ പ്രധാനമാണെന്ന് കാല്‍ഗറി സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്ര പ്രഫസര്‍ ലിസ യങ് പറഞ്ഞു. ഔദ്യോഗിക ചോദ്യത്തിലും ലളിതമാക്കിയ ചോദ്യത്തിലും ലഭിച്ച വ്യത്യസ്ത പ്രതികരണങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

37 വാക്കുകളുള്ള ഔദ്യോഗിക ചോദ്യത്തില്‍ ആല്‍ബര്‍ട്ട കാനഡയുടെ ഭാഗമായി തുടരണമോ, അല്ലെങ്കില്‍ കാനഡയില്‍നിന്ന് വേര്‍പെടുന്നതിനെക്കുറിച്ചുള്ള ബൈന്‍ഡിംഗ് റഫറണ്ടത്തിനായുള്ള നിയമനടപടികള്‍ ആരംഭിക്കണമോ എന്നാണ് ചോദിക്കുക.

ഈ വാചകരൂപം ഒക്ടോബറിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാമെന്ന് ലിസ യങ് മുന്നറിയിപ്പ് നല്‍കി.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 56 ശതമാനം പേര്‍ വിഷയത്തില്‍ ഡാനിയേല്‍ സ്മിത്ത് മോശമായി ഇടപെട്ടു എന്ന് അഭിപ്രായപ്പെട്ടു. യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി (യു സി പി) വോട്ടര്‍മാരില്‍ പോലും ഏകദേശം മൂന്നില്‍ ഒരാള്‍ ഈ നിലപാട് പങ്കുവെച്ചു.

യു സി പി പിന്തുണക്കുന്നവരില്‍ പോലും ഇത് തെറ്റായി കൈകാര്യം ചെയ്തുവെന്ന അഭിപ്രായമുണ്ട്. അതേസമയം കടുത്ത വേര്‍പിരിയല്‍ അനുകൂലികള്‍ സ്മിത്ത് ലളിതമായ 'അതെ- അല്ല' ചോദ്യമല്ല അവതരിപ്പിക്കുന്നതെന്ന് പറഞ്ഞു.

2023ലെ തെരഞ്ഞെടുപ്പില്‍ യു സി പിയ്ക്ക് വോട്ട് ചെയ്തവരില്‍ 33 ശതമാനമായ പാര്‍ട്ടിക്കുള്ളിലെ വേര്‍പിരിയല്‍ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് സ്മിത്ത് ഈ നീക്കം നടത്തുന്നതെന്ന് കരുതുന്നതായും സര്‍വേ വ്യക്തമാക്കുന്നു.

ആല്‍ബര്‍ട്ട കാനഡയില്‍ തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും തുടരുക വിഭാഗത്തിനായി പ്രചാരണം നടത്തുമെന്നും സ്മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും 40 ശതമാനം പേര്‍ അവരുടെ പ്രധാന ലക്ഷ്യം സ്വന്തം രാഷ്ട്രീയ നിലനില്‍പ്പാണെന്ന് കരുതുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ സ്മിത്ത് രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ യു സി പിക്കും എന്‍ ഡി പിക്കും ഏകദേശം തുല്യ പിന്തുണ ലഭിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 46 ശതമാനം പേര്‍ യു സി പിയേയും 45 ശതമാനം പേര്‍ എന്‍ ഡി പിയേയും പിന്തുണയ്ക്കുമെന്ന് അറിയിച്ചു.

ഇതിനിടെ, ആല്‍ബര്‍ട്ട റഫറണ്ടം ചോദ്യം സഹായകരമല്ല എന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അഭിപ്രായപ്പെട്ടു. 2016ലെ ബ്രെക്സിറ്റ് റഫറണ്ടത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഇത്തരം വോട്ടെടുപ്പുകള്‍ അപകടകരമായ നീക്കമാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രായപരമായ വിലയിരുത്തലില്‍ മുതിര്‍ന്നവരാണ് വേര്‍പിരിയലിന് കൂടുതല്‍ പിന്തുണ നല്‍കുന്നതെന്ന് സര്‍വേ കണ്ടെത്തി. 18 മുതല്‍ 34 വയസ്സ് വരെയുള്ളവരില്‍ 20 ശതമാനം പേര്‍ മാത്രം കാനഡ വിട്ടുപോകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 55 വയസ്സിന് മുകളിലുള്ളവരില്‍ 38 ശതമാനം പേര്‍ അതിനെ പിന്തുണച്ചു.

ഫലത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതം നേരിടേണ്ടത് യുവാക്കളായിരിക്കെ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത് മുതിര്‍ന്നവരാണെന്നത് ശ്രദ്ധേയമാണെന്ന് ലിസ യങ് പറഞ്ഞു.

റഫറണ്ടത്തില്‍ പരാജയപ്പെട്ടാലും അതിന്റെ ഫലം അംഗീകരിക്കില്ലെന്ന് വേര്‍പിരിയല്‍ അനുകൂലികളില്‍ 41 ശതമാനം പേര്‍ വ്യക്തമാക്കിയതായും സര്‍വേ പറയുന്നു.

ആല്‍ബര്‍ട്ട കാനഡയില്‍നിന്ന് വേര്‍പെടുന്നതിനുള്ള ബൈന്‍ഡിംഗ് റഫറണ്ടം നടത്തണമോയെന്ന ചോദ്യത്തില്‍ ഒക്ടോബര്‍ 19നാണ് ജനങ്ങള്‍ വോട്ട് ചെയ്യുക.