ദോഹ: യു എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന ഫിഫ വേള്‍ഡ് കപ്പ് 2026നെ വരവേല്‍ക്കാനൊരുങ്ങി ഫിഫ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളി ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക 'ഫിഫ' വിമാനം അവതരിപ്പിച്ചു. ബോയിംഗ് 777 വിമാനത്തിലാണ് പ്രത്യേക ഡിസൈന്‍ ഒരുക്കിയത്.
ഫിഫയുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെയും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ബന്ധിപ്പിക്കുന്നതിലുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ പങ്കിന്റെയും തുടര്‍ച്ചയായാണ് പുതിയ നീക്കം.
ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022ന്റെ വിജയകരമായ ആതിഥേയത്വത്തിന് ശേഷം ഫിഫയുമായുള്ള സഹകരണത്തിന്റെ പുതിയ അധ്യായമാണ് പ്രത്യേക വിമാനം പ്രതിനിധീകരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്സ് വ്യക്തമാക്കി.
യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലായി ഈ പ്രത്യേക വിമാനം സര്‍വീസ് നടത്തും. ഫിഫ വേള്‍ഡ് കപ്പ് 2026നോടനുബന്ധിച്ചുള്ള ആഗോള ആവേശം ശക്തമാക്കുകയാണ് ലക്ഷ്യം.
ഫുട്ബോളിന്റെ ആവേശവും ഐക്യവും ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഉത്സാഹവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വിമാനത്തിന്റെ പുറം ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. പുറംഭാഗം മാത്രമല്ല, അകത്തളവും ഫിഫ വേള്‍ഡ് കപ്പ് 2026 പ്രമേയത്തില്‍ പ്രത്യേകമായി അലങ്കരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ലോകകപ്പ് ആവേശം അനുഭവിക്കാനാകുന്ന തരത്തിലാണ് കാബിന് ഡിസൈന്‍.
