തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം ഡി.ജി.പിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പിണറായി വിജയന്റെ ഗൺമാൻ അനില്‍ കുമാര്‍, എസ്‌കോര്‍ട്ട് സംഘത്തില്‍ ഉണ്ടായിരുന്ന സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരെയാണ് നടപടി.
അതേസമയം, കേസിൽ ഗൺമാൻ അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യഹർജി ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി. കേസിൽ ജാമ്യമില്ലാ കുറ്റങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിനാണ് മുൻകൂർ ജാമ്യമെന്നും കോടതി ചോദിച്ചു.
പ്രത്യേക അന്വേഷണസംഘം ഇ-മെയിലായി കൈമാറിയ റിപ്പോര്‍ട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉൾപ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചത് ചട്ടവിരുദ്ധമാണെന്നു വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാരെ ലോക്കല്‍ പൊലീസ് പിടിച്ചുമാറ്റിയിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു. ലാത്തി ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതിനാല്‍ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2023 ഡിസംബർ അഞ്ചിനായിരുന്നു സംഭവം. നവകേരള സദസ് പരിപാടിക്കു വന്ന മുഖ്യമന്ത്രിയുടെ ബസിനു മുന്നിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി.തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽനിന്നു ചാടിയിറങ്ങിയ ഗൺമാനും സംഘവും ചേർന്ന് മർദ്ദിക്കുകയായിരുന്നു. എ.ഡി.തോമസ് ഇപ്പോൾ ആലപ്പുഴ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ്.
നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': പിണറായിയുടെ ഗൺമാൻ അടക്കം 5 പൊലീസുകാർക്ക് സസ്പെൻഷൻ
