ഇതിനെ പിടിച്ചുകെട്ടാൻ ആരുമില്ലേ? പെട്രോളിനും ഡീസലിനും വീണ്ടും വില വർദ്ധിപ്പിക്കാനൊരുങ്ങി എണ്ണക്കമ്പനികൾ

ഇതിനെ പിടിച്ചുകെട്ടാൻ ആരുമില്ലേ? പെട്രോളിനും ഡീസലിനും വീണ്ടും വില വർദ്ധിപ്പിക്കാനൊരുങ്ങി എണ്ണക്കമ്പനികൾ


‌ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂ‍ഡ് ഓയിൽ വില താഴുമ്പോഴും രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണക്കമ്പനികൾ. രണ്ട് രൂപ കൂടി വർദ്ധിപ്പിക്കാനാണ് നീക്കം. രണ്ട് ആഴ്ചയ്ക്കിടെ നാല് തവണയായി എട്ട് രൂപ കൂട്ടിയെങ്കിലും നഷ്ടം നികത്താൻ വില വർദ്ധന 10 രൂപയിലെത്തിക്കാനാണ് ശ്രമം. അടിക്കടി വിലകൂട്ടി പൊതുജനങ്ങളിൽ നിന്ന് കവർന്നെടുക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രണ്ടും കൽപിച്ച് കേന്ദ്രവും എണ്ണക്കമ്പനികളും കടുത്ത നടപടിയുമായി മുന്നോട്ടുപോകുന്നത്. 

അതിനിടെ, രാജ്യത്ത് സി.എൻ.ജി വില വീണ്ടും വർധിപ്പിച്ചു. ഡൽഹിയിൽ സി.എൻ.ജി വില കിലോയ്ക്ക് രണ്ട് രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ  പുതിയ നിരക്ക് 83.09 രൂപയായി. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ വർദ്ധനവാണിത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മാത്രം സി.എൻ.ജി വിലയിൽ ഏഴ് രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിക്കുന്നത് പൊതുമേഖല എണ്ണക്കമ്പനികൾ നിർത്തിവെച്ചിരുന്നു. ഇതേസമയത്ത് ഉണ്ടായ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലവർദ്ധനവിലെ നഷ്ടം നികത്താനാണ് ഇപ്പോൾ അടിക്കടിയുള്ള വിലവർദ്ധനവ്. ആ കാലയളവിൽ 30000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു കമ്പനികൾ കണക്ക് നിരത്തിയിരുന്നത്. എന്നാൽ, അതിനുശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലക്കുറവുണ്ടായതിനെ കുറിച്ച് പ്രതികരിക്കാനും തയ്യാറായിട്ടില്ല.