വാഷിംഗ്ടണ്‍: ക്രിമിനല്‍ സംഘടനകള്‍ക്ക് നിയമവിരുദ്ധമായ ഫെന്റനൈല്‍ മയക്കുമരുന്ന് ഉത്പാദിപ്പിക്കാനുള്ള രാസവസ്തുക്കള്‍ കൈമാറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു എസ് ഇന്ത്യയേയും ഉള്‍പ്പെടുത്തി. ഫെന്റനൈലിനുള്ള രാസവസ്തുക്കള്‍ നേരിട്ടും അല്ലാതെയും വിതരണം ചെയ്യുന്നുവെന്ന് നേരത്തെ ചൈനക്കെതിരെയാണ് യു എസ് ആരോപണം ഉയര്‍ത്തിയിരുന്നത്. അതിനു പിന്നാലെയാണ് ഇന്ത്യയും പട്ടികയില്‍ ഇടം പിടിച്ചത്. താരിഫ് ഭീഷണികള്‍ക്കിടയിലാണ് ഇന്ത്യക്കെതിരെ ന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
മറ്റ് സിന്തറ്റിക് ഒപിയോയിഡുകള്‍ക്കൊപ്പം ഫെന്റനൈലും അമേരിക്കയിലേക്ക് കടത്തുന്ന ഏറ്റവും മാരകമായ മയക്കുമരുന്നാണ്. കൂടാതെ 2024 ഒക്ടോബറില്‍ അവസാനിച്ച 12 മാസത്തിനുള്ളില്‍ 52,000-ത്തിലധികം അമേരിക്കക്കാരുടെ ജീവന്‍ ഫെന്റനൈല്‍ ഉപയോഗം അപഹരിച്ചതായും ചൊവ്വാഴ്ച പുറത്തിറക്കിയ യു എസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ഭീഷണി വിലയിരുത്തല്‍ (എടിഎ) പറയുന്നു.
മയക്കുമരുന്നു കടത്തുന്ന ഗ്രൂപ്പുകളായ ട്രാന്‍സ്നാഷണല്‍ ക്രിമിനല്‍ ഓര്‍ഗനൈസേഷനുകള്‍ (ടി സി ഒ) പലപ്പോഴും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നേരിട്ടും അല്ലാതെയും രാസവസ്തുക്കളും ഉപകരണങ്ങളും കടത്താനുള്ള ഉറവിടങ്ങളായി ഉപയോഗിക്കുന്നതായി യു എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറഞ്ഞു.
'നിയമവിരുദ്ധമായ ഫെന്റനൈല്‍ പ്രീകര്‍വര്‍ കെമിക്കലുകളുടെയും പില്‍ പ്രസ്സിംഗ് ഉപകരണങ്ങളുടെയും പ്രാഥമിക ഉറവിട രാജ്യം ചൈനയാണ്, ഇന്ത്യയും തൊട്ടുപിന്നിലുണ്ട്,' റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഫെന്റനൈല്‍ പോലുള്ള ഒപിയോയിഡുകള്‍ നിര്‍മ്മിക്കാന്‍ മയക്കുമരുന്ന് കാര്‍ട്ടലുകള്‍ ഉപയോഗിക്കുന്ന പ്രീകര്‍വര്‍ കെമിക്കലുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ ചൈനയുടെ അതേ നിലവാരത്തില്‍ അമേരിക്ക പ്രതിഷ്ഠിക്കുന്നത് ഇതാദ്യമാണ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ മെക്‌സിക്കന്‍ ഗ്രൂപ്പുകള്‍ 'കുറച്ച്' രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന നിരവധി രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെ പരാമര്‍ശിച്ചിരുന്നു. ചൈനയെ പ്രാഥമിക വിതരണക്കാരനായി വ്യക്തമാക്കി.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപിയോയിഡുകളെ ചെറുക്കുന്നത് രാഷ്ട്രീയ മുന്‍ഗണനയാക്കി തന്റെ വിദേശനയ തീരുമാനങ്ങള്‍ രൂപപ്പെടുത്തിയ സമയത്താണ് റിപ്പോര്‍ട്ട് വരുന്നത്. 'അമേരിക്കയിലെ ഫെന്റനൈല്‍ പകര്‍ച്ചവ്യാധി എന്നെന്നേക്കുമായി അവസാനിപ്പിക്കാതെ' തന്റെ ഭരണകൂടം വിശ്രമിക്കില്ലെന്ന് ഈ മാസം ആദ്യം ട്രംപ് പറഞ്ഞു.
ഫെബ്രുവരി ഒന്നിന്, ഫെന്റനൈല്‍ കടത്തിനെതിരെ മതിയായ നടപടിയെടുക്കാത്തതിന് അമേരിക്കന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. മതിയായ അതിര്‍ത്തി നിര്‍വ്വഹണമില്ലെന്ന് ആരോപിച്ച് കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനം തീരുവയും ചുമത്തി.
അതേസമയം ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തന്റെ 'വിമോചന ദിന' താരിഫുകളുടെ ഭാഗമായി നിരവധി രാജ്യങ്ങളില്‍ പരസ്പര തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ നികുതികളില്‍ ചിലത് ഒഴിവാക്കാന്‍ സഹായിക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തിലാക്കാന്‍ ഇന്ത്യ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.