ന്യൂജേഴ്‌സി: വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്ന അമേരിക്കയിലെ സ്‌കൂള്‍ ജില്ലകളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ നിരോധനം മറികടക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തുന്ന വഴികളും ഏറുന്നു.
ന്യൂജേഴ്സിയിലെ ബെര്‍ക്ലി ഹൈറ്റ്സിലെ ഗവര്‍ണര്‍ ലിവിങ്സ്റ്റണ്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സോയര്‍ ഇസ്‌ബെറിയന്‍ പറയുന്നത് ഇതിന് ചിലപ്പോള്‍ ഇടനാഴിയിലെ ചെറിയൊരു ഇടപെടല്‍ മാത്രം മതിയെന്നാണ്.
ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സുഹൃത്ത് സമീപിച്ച് മറ്റാരുടേയെങ്കിലും ഫോണുകള്‍ വാങ്ങുകയും അത് തന്റേതാണെന്ന വ്യാജേന കാഡിയില്‍ വെച്ച് പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സ്വന്തം ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ന്യൂജേഴ്സിയില്‍ നടപ്പാക്കുന്ന 'ബെല്‍-ടു-ബെല്‍' നിരോധനം പ്രധാനമായും മൊബൈല്‍ ഫോണുകളെ ലക്ഷ്യമിടുന്നതാണെങ്കിലും സ്‌കൂള്‍ സമയത്ത് സ്മാര്‍ട്ട് വാച്ചുകള്‍, എയര്‍പോഡുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും ഇതിലൂടെ നിരോധിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ സമയവും ഇടവേളകളും ഇതില്‍ ഉള്‍പ്പെടും.
എന്നാല്‍ നിരോധനം മറികടക്കാനുള്ള വിദ്യാര്‍ഥികളുടെ തന്ത്രങ്ങള്‍ നിരവധിയാണ്. കണ്ടെത്താന്‍ പ്രയാസമുള്ള ചെറിയ ആപ്പിള്‍ വാച്ചുകള്‍ ഉപയോഗിച്ച് പരീക്ഷയില്‍ കോപ്പിയടിക്കല്‍, അധ്യാപകര്‍ ചോദ്യം ചെയ്താല്‍ കാണിക്കാനായി വിലകുറഞ്ഞ 'ബേണര്‍ ഫോണുകള്‍' വാങ്ങിവെക്കല്‍, ഹുഡിക്കുള്ളില്‍ എയര്‍പോഡുകള്‍ ഒളിപ്പിക്കല്‍, ശുചിമുറി പോലുള്ള സ്വകാര്യ ഇടങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ രീതികള്‍ വിദ്യാര്‍ഥികള്‍ സ്വീകരിക്കുന്നുണ്ട്.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗത്തിനെതിരായ നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാകുകയാണ്. അമേരിക്കയിലെ 39 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഫോണ്‍ നിയന്ത്രണം നിലവിലുണ്ട്. ഇതില്‍ പല സംസ്ഥാനങ്ങളും ക്ലാസ് ആരംഭിക്കുന്ന സമയം മുതല്‍ അവസാനിക്കുന്നതുവരെ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിരോധിക്കുന്ന 'ബെല്‍-ടു-ബെല്‍' നിയന്ത്രണമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 35 സംസ്ഥാനങ്ങളിലായിരുന്നു. 2023ല്‍ ഫ്േളാറിഡയില്‍ ആരംഭിച്ച നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങള്‍ നിരോധന നടപടികള്‍ ശക്തമാക്കിയത്.
എന്നാല്‍ നിരോധനത്തിന്റെ ഫലത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമ്മിശ്ര അഭിപ്രായമാണുള്ളത്. നിരോധനം മറികടക്കാനുള്ള വിദ്യാര്‍ഥികളുടെ ശ്രമങ്ങളും ഇതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്.
ക്ലാസ് മുറിയുടെ മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള പ്രത്യേക പൗച്ചുകളില്‍ വിദ്യാര്‍ഥികള്‍ ഫോണ്‍ നിക്ഷേപിക്കണമെന്നാണ് നിയമം.
എന്നാല്‍ പലപ്പോഴും ക്ലാസ് മുറിയുടെ മുന്‍വശത്തുള്ള പൗച്ചിനടുത്തെത്തി വിദ്യാര്‍ഥികള്‍ ഫോണിന് പകരം ഫോണ്‍ കവര്‍ മാത്രം നിക്ഷേപിക്കുകയും തങ്ങളുടെ കയ്യില്‍ ഫോണില്ലെന്ന് പറയുകയുമാണ് ചെയ്യുന്നത്.
ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ഒറ്റക്കെട്ടിട ഹൈസ്‌കൂളായ ക്ലിഫ്റ്റണ്‍ ഹൈസ്‌കൂളില്‍ ഏകദേശം 3,000 വിദ്യാര്‍ഥികളാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശമോ സാമ്പത്തിക സഹായമോ നല്‍കിയിട്ടില്ലാത്തതിനാല്‍ ഓരോ സ്‌കൂളും സ്വന്തം രീതികള്‍ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.
ഈ അധ്യയന വര്‍ഷവും ഓരോ ക്ലാസ് മുറിയുടെയും മുന്‍വശത്തെ പൗച്ചില്‍ വിദ്യാര്‍ഥികള്‍ ഫോണ്‍ നിക്ഷേപിക്കുന്ന രീതി തുടരും. എന്നാല്‍ നിയമം എല്ലാവരും ഒരേ രീതിയില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടികളാണ് സ്വീകരിക്കുക. അധ്യാപകര്‍ ഒരേ നയത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഫലപ്രദമായ നിയന്ത്രണത്തിന്റെ അടിസ്ഥാനം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഹംദെഹ് പറയുന്നു. അധ്യയന വര്‍ഷത്തിന്റെ ആദ്യ ആഴ്ചകളില്‍ എല്ലാ ക്ലാസ് മുറികളിലും പരിശോധന നടത്തി നിയമം ഒരേ രീതിയില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം പദ്ധതിയിടുന്നു.
ന്യൂയോര്‍ക്കിലെ കോര്‍ണിങ്-പെയിന്റഡ് പോസ്റ്റ് ഏരിയ സ്‌കൂള്‍ ജില്ലയില്‍ മൊബൈല്‍ ഫോണ്‍ നിരോധനം പുതിയ കാര്യമല്ല. 2025 ഓഗസ്റ്റ് മുതല്‍ ഇവിടെ സുരക്ഷിതമായി പൂട്ടാനാകുന്ന പ്രത്യേക പൗച്ചുകളാണ് ഉപയോഗിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം പൗച്ചുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് പൗച്ച് നല്‍കുകയും അതില്‍ ഫോണ്‍ നിക്ഷേപിക്കുകയും വേണം. സ്‌കൂളുകള്‍ നല്‍കുന്ന പ്രത്യേക ലോഹ ഉപകരണം ഉപയോഗിച്ചുമാത്രമേ തുറക്കാനാകൂ എന്നതാണ് ഇതിന്റെ പ്രത്യേകത.
പൗച്ചുകള്‍ തുറക്കാനും പൂട്ടാനും ഉപയോഗിക്കുന്ന ലോഹ ഉപകരണങ്ങള്‍ സ്‌കൂളിന്റെ പ്രധാന പ്രവേശന കവാടങ്ങളിലെ പ്രത്യേക സുരക്ഷാ സംവിധാനങ്ങളില്‍ ഉറപ്പിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂള്‍ വിട്ടുപോകുന്ന സമയത്ത് തിരക്ക് ഒഴിവാക്കുന്നതിനായി മൊബൈല്‍ കാര്‍ട്ടുകളിലും ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
നിയമം നടപ്പാക്കിയ ആദ്യഘട്ടത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ചില വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോകുമ്പോള്‍ പൗച്ച് തുറക്കാന്‍ മറക്കുകയോ മറ്റു ചിലര്‍ ഫോണിന് പകരം കാര്‍ഡുകളുടെ കെട്ട്, കാല്‍ക്കുലേറ്റര്‍, ലോഹക്കഷണം തുടങ്ങിയവ പൗച്ചില്‍ ഇടുകയും ചെയ്തിരുന്നു.
രക്ഷിതാക്കള്‍ക്കിടയിലും നിയമത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഈ അധ്യയന വര്‍ഷത്തെ ഫോണ്‍ നിരോധനം വിശദീകരിച്ച് ഹംദെഹ് ജില്ലയിലേക്ക് അയച്ച കത്ത് ആരോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ അത് വ്യാപകമായി പ്രചരിച്ചു.
എന്നാല്‍ ഇതേ നിയമം അധ്യാപകര്‍ക്കും ബാധകമാക്കണം എന്ന അഭിപ്രായം പ്രകടിപ്പിച്ച രക്ഷിതാക്കളുമുണ്ട്. അടിയന്തര സാഹചര്യത്ിതല്‍ കുട്ടിയെ ബന്ധപ്പെടേണ്ടതിനാല്‍ പ്രസ്തുത നിയമം പ്രായോഗികമല്ലെന്ന് പറയുന്നവരുമുണ്ട്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നകര്‍ശനമാക്കിയതോടെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഭാഷണവും ഇടപെടലും ഏറെ വര്‍ധിച്ചതായും ഏറെക്കാലത്തിന് ശേഷം ഇടനാഴികളില്‍ വിദ്യാര്‍ഥികള്‍ പരസ്പരം സംസാരിക്കുന്നതും ഇടപഴകുന്നതും കാണാനാവുന്നതായും അ്ധ്യാപകര്‍ പറയുന്നു.
ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന്റെ പ്രധാന ലോബിയില്‍ നിരവധി വിദ്യാര്‍ഥി സംഘങ്ങള്‍ പഴയ കളികളിലേക്കും മടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ അധ്യാപകരും കളിയില്‍ പങ്കുചേരുന്നുണ്ട്.
കൊളറാഡോയിലെ കൊളറാഡോ സ്പ്രിങ്‌സിലുള്ള ഹാരിസണ്‍ സ്‌കൂള്‍ ഡിസ്ട്രിക്ട് 2 വിദ്യാര്‍ഥികള്‍ക്കായി വിവിധ കളികള്‍ക്കായി പലതരം കളിയുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ നിരോധനം സംബന്ധിച്ച് സംസ്ഥാനതല നിര്‍ദേശം ഇല്ലാത്ത കൊളറാഡോയില്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി സ്വന്തം ഫോണ്‍ നയം രൂപീകരിക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍.
മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. എന്നാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണമായി ഫോണ്‍ ഉപയോഗപ്രദമാകാമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. അതിനാല്‍ അധ്യാപകന്‍ നിര്‍ദേശിക്കാത്ത പക്ഷം പഠനസമയത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കുണ്ട്. പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള വിദ്യാര്‍ഥികളെ സഹായിക്കാനായി ഫോണ്‍ ഉപയോഗിക്കുന്നതിനും ഇളവുണ്ട്.
വിദ്യാര്‍ഥികള്‍ തന്നെ രൂപപ്പെടുത്തിയ നയമായതിനാല്‍ ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
