സ്വതന്ത്ര വ്യാപാര കരാറിന് വർഷാവസാനത്തോടെ ധാരണയുണ്ടാക്കാൻ നീക്കം; നിക്ഷേപ സഹകരണവും ശക്തമാക്കും
ടൊറന്റോ : ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030ഓടെ 50 ബില്യൻ ഡോളറായി ഉയർത്താൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. നിലവിലെ വ്യാപാരത്തിന്റെ ഇരട്ടിയിലേറെ വളർച്ചയാണ് ലക്ഷ്യം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ടൊറന്റോയിൽ നടത്തിയ ചർച്ചകളിലാണ് വ്യാപാരബന്ധം ശക്തമാക്കാനുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
2025 - 26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ - കാനഡ വ്യാപാരം 7.96 ബില്യൻ ഡോളറായിരുന്നു. ഇതിൽനിന്ന് 50 ബില്യൻ ഡോളറിലേക്ക് എത്തണമെങ്കിൽ അടുത്ത ഏതാനും വർഷങ്ങളിൽ വ്യാപാരത്തിൽ വൻ കുതിപ്പാണ് വേണ്ടത്. വിപണി പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
2026ൽ സ്വതന്ത്ര വ്യാപാര കരാർ?
ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ (FTA) സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. 2026 അവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, സാമ്പത്തിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും കാനഡയും പരസ്പരം പൂരകമായ രാജ്യങ്ങളാണെന്ന വിലയിരുത്തലാണ് കാനഡയ്ക്കും.
അനിശ്ചിതത്വവും വ്യാപാര സംഘർഷങ്ങളും വർധിക്കുന്ന ആഗോള സാഹചര്യത്തിൽ ഇന്ത്യ-കാനഡ വ്യാപാര കരാർ കൂടുതൽ സ്ഥിരത ഉറപ്പാക്കുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ.
കാനഡയുടെ നിക്ഷേപം കൂടുന്നു
വ്യാപാരത്തിനൊപ്പം ഇന്ത്യയിലെ കനേഡിയൻ നിക്ഷേപവും വർധിക്കുകയാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള കാനഡയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ഏകദേശം ഇരട്ടിയായി.
2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയ രാജ്യങ്ങളിൽ കാനഡ 16ാം സ്ഥാനത്താണ്. 2000 ഏപ്രിൽ മുതൽ ഇന്ത്യയിലെത്തിയ കനേഡിയൻ നിക്ഷേപം 4.33 ബില്യൻ ഡോളറാണ്.
കനേഡിയൻ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സ്, സർക്കാർ വിൽപന നടപടിയിലുള്ള ഐഡിബിഐ ബാങ്കിന്റെ 60 ശതമാനം ഓഹരി സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
വ്യാപാരത്തിനപ്പുറം നിക്ഷേപ ബന്ധവും
സ്വതന്ത്ര വ്യാപാര കരാറിന് പുറമെ നിക്ഷേപ സംരക്ഷണ കരാറിനും ഇന്ത്യയും കാനഡയും ചർച്ച നടത്തുന്നു. കനേഡിയൻ കമ്പനികൾ ഇന്ത്യയിൽ കൂടുതൽ സജീവമായി നിക്ഷേപം നടത്തണമെന്നും സർക്കാരുമായി തുടർച്ചയായി സഹകരിക്കണമെന്നും സീതാരാമൻ ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അടുത്തകാലത്തുണ്ടായ രാഷ്ട്രീയ അസ്വസ്ഥതകൾക്ക് ശേഷം സാമ്പത്തിക, വ്യാപാര മേഖലകളിൽ വീണ്ടും സഹകരണം ശക്തമാക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
വലിയ ലക്ഷ്യം, വലിയ അവസരം
7.96 ബില്യൻ ഡോളറിൽ നിന്ന് 50 ബില്യൻ ഡോളറിലേക്ക് വ്യാപാരം ഉയർത്തുകയെന്നത് വലിയ ലക്ഷ്യമാണ്. എന്നാൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുകയും വിപണി പ്രവേശനം മെച്ചപ്പെടുകയും നിക്ഷേപം വർധിക്കുകയും ചെയ്താൽ ഇന്ത്യയ്ക്കും കാനഡയ്ക്കും ഒരുപോലെ നേട്ടമുണ്ടാക്കാൻ കഴിയുന്ന പുതിയ സാമ്പത്തിക പങ്കാളിത്തത്തിന് ഇത് വഴിയൊരുക്കും.
