ഹോര്‍മുസ് കടലിടുക്കിലെ തെക്കന്‍ പാതയിലൂടെ കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ എണ്ണക്കപ്പലിനെ ഇറാന്‍ തടഞ്ഞതായി റിപ്പോര്‍ട്ട്

ഹോര്‍മുസ് കടലിടുക്കിലെ തെക്കന്‍ പാതയിലൂടെ കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ എണ്ണക്കപ്പലിനെ ഇറാന്‍ തടഞ്ഞതായി റിപ്പോര്‍ട്ട്


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ഇന്ത്യന്‍ എണ്ണക്കപ്പലിനെ ഇറാന്‍ മുന്നറിയിപ്പ് നല്‍കി പിന്തിരിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

'ഒമാന്‍ ഇടനാഴി' എന്നറിയപ്പെടുന്ന തെക്കന്‍ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ഹാന എന്ന എണ്ണക്കപ്പലിനാണ് ഇറാന്റെ വലിയ യുദ്ധക്കപ്പല്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് കപ്പല്‍ പിന്തിരിഞ്ഞതായി ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

'ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലിന് നേരെയുണ്ടായ വലിയ ഏറ്റുമുട്ടല്‍' എന്നാണ് സംഭവത്തെ ഫാര്‍സ് വിശേഷിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കന്‍ പാതയിലൂടെ കപ്പല്‍ ഗതാഗതം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഇറാനും ഒമാനും ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം. കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം സാധാരണ നിലയേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ് തുടരുന്നത്.

ഒമാനുമായി ചേര്‍ന്ന് താത്ക്കാലിക കപ്പല്‍പാത സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്ന് ഇറാന്‍ ഉപവിദേശകാര്യ മന്ത്രി ഗരീബാബാദി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ജൂണില്‍ ഒപ്പുവെച്ച ഇടക്കാല സമാധാന കരാറിലെ പ്രതിബദ്ധതകള്‍ അമേരിക്ക പാലിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്നുകൊടുക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കരാര്‍ പിന്നീട് കാലഹരണപ്പെട്ടിരുന്നു.