ചൊവ്വാ ദൗത്യം ലക്ഷ്യത്തിലെത്തിച്ചാല്‍ മാത്രം മസ്‌കിന് വന്‍ പ്രതിഫലമെന്ന് വ്യവസ്ഥ

ചൊവ്വാ ദൗത്യം ലക്ഷ്യത്തിലെത്തിച്ചാല്‍ മാത്രം മസ്‌കിന് വന്‍ പ്രതിഫലമെന്ന് വ്യവസ്ഥ


വാഷിങ്ടണ്‍: മനുഷ്യരെ ചൊവ്വയില്‍  എത്തിക്കാനുള്ള ദൗത്യം ലക്ഷ്യം കൈവരിച്ചാല്‍ മാത്രമേ എലോണ്‍ മസ്‌കിന് ഇനി വന്‍ പ്രതിഫലം ലഭിക്കുകയുള്ളുവെന്ന വ്യവസ്ഥയോടെ പുതിയ ശമ്പള പദ്ധതി അംഗീകരിച്ച് സ്‌പേസ് എക്‌സ് ബോര്‍ഡ്. 

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ കമ്പനി സമര്‍പ്പിച്ച രഹസ്യ രജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ കൈവരിച്ചാല്‍ മാത്രമേ മസ്‌കിന് 200 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ വോട്ടിംഗ് നിയന്ത്രിത ഓഹരികള്‍ ലഭിക്കുകയുള്ളു. കമ്പനിയുടെ വിപണി മൂല്യം 7.5 ട്രില്യണ്‍ ഡോളറിലെത്തുകയും ചൊവ്വയില്‍ കുറഞ്ഞത് 10 ലക്ഷം ആളുകള്‍ അടങ്ങിയ മനുഷ്യ കോളനി രൂപപ്പെടുകയും വേണമെന്നതാണ് നിബന്ധന.

ഇതിനു പുറമെ ബഹിരാകാശ അടിസ്ഥാനത്തിലുള്ള ഡേറ്റാ സെന്ററുകള്‍ വഴി 100 ടെറാവാട്ട് പ്രോസസ്സിംഗ് ശേഷി കൈവരിച്ചാല്‍ 60.4 മില്യണ്‍ ഡോളറിന്റെ അധിക ഓഹരി ഇന്‍സെന്റീവും മസ്‌കിന് ലഭിക്കും.

ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാന്‍ കുറഞ്ഞത് ഇനിയും 20 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മസ്‌ക് തന്നെയാണ് അടുത്തിടെ വ്യക്തമാക്കിയിരുന്നത്. ആദ്യഘട്ടമായി ചന്ദ്രനില്‍ സ്വയം വളരുന്ന മനുഷ്യ നഗരം നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ സ്ഥിരതാമസ സംവിധാനം സൃഷ്ടിക്കാനാകുമെന്നും അതിനുശേഷമായിരിക്കും ചൊവ്വാദൗത്യം യാഥാര്‍ഥ്യമാകുകയുള്ളുവെന്നും മസ്‌ക് വിലയിരുത്തി.

ചൊവ്വയിലേക്ക് മനുഷ്യരെ അയച്ച് അവിടെ സ്ഥിരതാമസ കോളനി സ്ഥാപിക്കണമെന്ന ആശയം മസ്‌ക് വര്‍ഷങ്ങളായി മുന്നോട്ട് വയ്ക്കുന്നുണ്ട്. മനുഷ്യരാശിയുടെ ദീര്‍ഘകാല നിലനില്‍പ്പിനായി ഭൂമിക്കു പുറത്ത് മറ്റൊരു ആവാസകേന്ദ്രം അനിവാര്യമാണെന്നും അതിന് ഏറ്റവും അനുയോജ്യമായ ഗ്രഹം ചൊവ്വയാണെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. 2050ഓടെ ഒരു ദശലക്ഷം പേരെ ചൊവ്വയിലേക്ക് അയക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദീര്‍ഘകാല ലക്ഷ്യം.

ഇതിനായി വികസിപ്പിച്ച 'സ്റ്റാര്‍ഷിപ്പ്' ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണങ്ങള്‍ പലതവണ നടത്തിയിട്ടുണ്ടെന്നും ഇപ്പോഴും മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ചന്ദ്രനെ ഇടനില കേന്ദ്രമെന്ന നിലയില്‍ കൂടുതലായി പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ചന്ദ്ര ദൗത്യത്തിനും കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

മസ്‌കിനെ കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളോട് കൂടുതല്‍ പ്രതിബദ്ധതയോടെ നിലനിര്‍ത്തുന്നതിനായാണ് പുതിയ പ്രതിഫല പദ്ധതി രൂപീകരിച്ചതെന്നാണ് വിലയിരുത്തല്‍. നിര്‍ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാത്ത പക്ഷം മസ്‌കിന് ഓഹരികളൊന്നും ലഭിക്കില്ലെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

ഫോര്‍ബ്‌സ് കണക്കുകള്‍ പ്രകാരം നിലവില്‍ മസ്‌കിന്റെ സമ്പത്ത് ഏകദേശം 773.9 ബില്യണ്‍ ഡോളറാണ്. ചൊവ്വാ കോളനിവത്കരണ ദൗത്യം വിജയിച്ചാല്‍ അത് പലമടങ്ങ് ഉയരുമെന്നാണ് വിലയിരുത്തല്‍.