ഇറാനിൽ 'യുദ്ധം' അല്ല, സൈനിക നടപടി മാത്രം: നിലപാട് മാറ്റി ട്രംപ്

ഇറാനിൽ 'യുദ്ധം' അല്ല, സൈനിക നടപടി മാത്രം: നിലപാട് മാറ്റി ട്രംപ്


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തെ 'യുദ്ധം' എന്നു വിളിക്കാൻ താൻ തയ്യാറല്ലെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഒരു മാസം മുമ്പ് ഇതേ വിഷയത്തെ രണ്ടാം ലോകമഹായുദ്ധം പോലുള്ള വലിയ യുദ്ധങ്ങളുമായി താരതമ്യം ചെയ്തിരുന്ന ട്രംപ്, ഇപ്പോൾ അതിനെ 'സൈനിക നടപടി' എന്ന രീതിയിലാണ് അവതരിപ്പിക്കുന്നണ്.

വാർ പവേഴ്‌സ് റെസല്യൂഷൻ സമയപരിധി അവസാനിക്കുന്നതിനു മുന്നോടിയായി വന്ന ഈ നിലപാട് മാറ്റം ശ്രദ്ധേയമാണ്. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷം ഏപ്രിൽ 7ന് ഉണ്ടായ വെടിനിർത്തലോടെ അവസാനിച്ചതാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. അതിനാൽ കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും അവർ പറയുന്നു. ഏപ്രിൽ 7 മുതൽ ഇരുപക്ഷവും തമ്മിൽ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും ഒരു മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥൻ അറിയിച്ചു.

ഏപ്രിൽ 1 ന് രാജ്യത്തോടുള്ള പ്രസംഗത്തിൽ ട്രംപ് അമേരിക്ക പങ്കെടുത്ത പഴയ യുദ്ധങ്ങളുടെ ദൈർഘ്യം ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ ഇറാൻ നടപടി വെറും 32 ദിവസമേ ആയിട്ടുള്ളൂ എന്ന് പറഞ്ഞിരുന്നു.ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ കൊറിയൻ യുദ്ധം, വിയറ്റ്‌നാം യുദ്ധം, ഇറാഖ് യുദ്ധം എന്നിവയുമായി താരതമ്യം ചെയ്ത് അമേരിക്കയുടെ പുതിയ നടപടി വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നാവികസേനയും വ്യോമസേനയും തകർത്തെന്നും ആ രാജ്യം ഇനി ഒരു ഭീഷണിയല്ലെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, 'ഇത് യുദ്ധമല്ല, ഒരു സൈനിക നടപടി മാത്രമാണ്' എന്നാണ് ട്രംപ് ആവർത്തിച്ചത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സമാന നിലപാടാണ് വ്യക്തമാക്കിയത്.

ഇതിനിടെ, സമാധാന ചർച്ചകൾ വീണ്ടും മുടങ്ങിയ നിലയിലാണ്. ഇറാൻ മൂന്ന് ഘട്ടങ്ങളുള്ള ഒരു പുതിയ സമാധാന നിർദ്ദേശം മുന്നോട്ടുവെച്ചെങ്കിലും ട്രംപ് അതിൽ അസന്തുഷ്ടനാണ്. ആദ്യം യുദ്ധം പൂർണമായി അവസാനിപ്പിക്കണം, തുടർന്ന് ഇറാൻ തുറമുഖങ്ങളിലെ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കണം, ഒടുവിൽ ആണവ പദ്ധതിയെ കുറിച്ച് ചർച്ച നടത്തണം എന്നതാണ് ഇറാന്റെ ആവശ്യം.

അതേസമയം, 1973ലെ .യുദ്ധാധികാര പ്രമേയ പ്രകാരം പ്രസിഡന്റിന് സൈനിക നടപടി ആരംഭിച്ച 48 മണിക്കൂറിനുള്ളിൽ കോൺഗ്രസിനെ അറിയിക്കണം. 60 ദിവസത്തിനകം അനുമതി ലഭിക്കാത്ത പക്ഷം സൈന്യം പിൻവലിക്കണമെന്നും നിയമം പറയുന്നു. ഈ സമയപരിധി മേയ് 1ന് അവസാനിക്കാനിരിക്കെയാണ് ട്രംപ് നിലപാട് മാറ്റിയത്.

സമാധാന ചർച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് താനിക്കും 'ചിലർക്കും മാത്രമേ അറിയൂ' എന്നും ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക ഇറാനിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനകൾ.