സാന്യ: പാക്കിസ്ഥാൻ നാവികസേനയുടെ ശക്തിവർധനയ്ക്ക് ചൈനയിൽ നിർമ്മിച്ച ആദ്യ സബ്മറൈൻ ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. ചൈനയിലെ സാന്യ തുറമുഖ നഗരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആസിഫ് അലി സർദാരിയും നാവികസേന മേധാവി നവീദ് അഷ്‌റഫും പങ്കെടുത്തു. 'ഹംഗോർ' (Hangor) എന്ന പേരിലാണ് ഈ സബ്മറൈൻ അറിയപ്പെടുക.
ഈ പേരിന് പാകിസ്ഥാൻ നാവികചരിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിനിടെ പിഎൻഎസ് ഹാംഗോർ എന്ന സബമറൈൻ ഒരു യുദ്ധക്കപ്പലിനെ മുക്കിയ ആദ്യ സബ്മറൈനായി ശ്രദ്ധ നേടിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്തരമൊരു നേട്ടം കൈവരിച്ച ആദ്യ സബ്മറൈൻ എന്ന നിലയിലാണ് അതിന്റെ പ്രസിദ്ധി.
പുതിയ കരാറിന്റെ ഭാഗമായി ആകെ എട്ട് സബ്മറൈനുകൾ പാകിസ്ഥാൻ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ നാല് എണ്ണം ചൈനയിൽ നിർമ്മിച്ച് നേരിട്ട് കൈമാറും. ശേഷിക്കുന്ന നാല് എണ്ണം സാങ്കേതികവിദ്യ കൈമാറ്റത്തിന്റെ ഭാഗമായി പാകിസ്ഥാനിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി.
'ഹംഗോർ' ക്ലാസ് സബ്മറൈനുകൾ ആധുനിക ആയുധ സംവിധാനങ്ങളും സെൻസറുകളും എയർഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നതാണ്. സമുദ്രരക്ഷ ശക്തിപ്പെടുത്താനും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് അഡ്മിറൽ അശ്രഫ് പറഞ്ഞു.
ഇത് പാകിസ്ഥാന്റെ പ്രതിരോധ മേഖലയിൽ നടക്കുന്ന പുതിയ പുരോഗതികളുടെ ഭാഗമാണ്. ഇതിനകം ചൈനയിൽ നിന്നുള്ള Chengdu J-10C യുദ്ധവിമാനങ്ങളും പാകിസ്ഥാൻ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള കഴിഞ്ഞ വർഷത്തെ സംഘർഷത്തിൽ ഇവ ഉപയോഗിച്ചുവെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.
എന്നാൽ ഇന്ത്യ ഈ അവകാശവാദങ്ങൾ തള്ളി. പ്രത്യേകിച്ച് റഫാൽ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന പാകിസ്ഥാന്റെ വാദം 'തെറ്റായ പ്രചാരണം' എന്നാണ് ഇന്ത്യയുടെ നിലപാട്. 2026 ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിൽ അതേ റഫാൽ വിമാനം പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.
ചൈനയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം, സമുദ്രരംഗത്ത് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.
ചൈനീസ് സബ്മറൈൻ കമ്മീഷൻ ചെയ്ത് പാകിസ്ഥാൻ; 'ഹംഗോർ' എന്ന പേരിനു പിന്നിലെ ചരിത്രം
