ഹാർവാർഡ് മുൻ ശാസ്ത്രജ്ഞൻ ചൈനയിൽ; ബ്രെയിൻകമ്പ്യൂട്ടർ ഗവേഷണത്തിന്റെ തലപ്പത്ത്

ഹാർവാർഡ് മുൻ ശാസ്ത്രജ്ഞൻ ചൈനയിൽ; ബ്രെയിൻകമ്പ്യൂട്ടർ ഗവേഷണത്തിന്റെ തലപ്പത്ത്


അമേരിക്കയിൽ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ട മുൻ ഹാർവാർഡ്  യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞൻ ചാൾസ് ലൈബർ ഇപ്പോൾ ചൈനയിലെ ഷെൻഷെനിൽ അത്യാധുനിക ബ്രെയിൻകമ്പ്യൂട്ടർ ഇന്റർഫേസ് ഗവേഷണത്തിന് നേതൃത്വം നൽകുന്നതായി റിപ്പോർട്ട്. ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാനിടയുള്ളതും, തന്ത്രപ്രധാനമായ സാങ്കേതിക മേഖലയായി കണക്കാക്കപ്പെടുന്നതുമായ മേഖലയിലാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്.

2021ൽ അമേരിക്കയിൽ ചൈനീസ് സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ബന്ധങ്ങൾ മറച്ചുവെച്ചതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയതിനും നികുതി കുറ്റങ്ങൾക്കും ലൈബർ ശിക്ഷിക്കപ്പെട്ടിരുന്നു. തുടർന്ന് ചെറിയ തടവുശിക്ഷയും ഹൗസ് അറസ്റ്റും പിഴയും അനുഭവിച്ച അദ്ദേഹം, ഇപ്പോൾ ഷെൻഷെൻ നഗരത്തിലേക്ക് മാറിയിരിക്കുകയാണ്.

ചൈനയുടെ സർക്കാർ പിന്തുണയുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ലൈബർ പ്രവർത്തിക്കുന്നത്. മനുഷ്യ മസ്തിഷ്‌കത്തിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ഗവേഷണമാണ് ഇവിടെ നടക്കുന്നത്. '2025 ഏപ്രിൽ 28ന് ഞാൻ ഒരു സ്വപ്നവുമായി ഷെൻഷെനിൽ എത്തി. ഈ നഗരത്തെ ലോകത്തിലെ മുൻനിര ഗവേഷണകേന്ദ്രമാക്കുക എന്നതാണ് എന്റെ ലക്ഷ്യം,' എന്നാണ് അദ്ദേഹം ഒരു സമ്മേളനത്തിൽ പറഞ്ഞത്.

'ഐബ്രെയിൻ' (i-BRAIN) എന്നറിയപ്പെടുന്ന ലാബ് ഷെൻഷെൻ മെഡിക്കൽ അക്കാദമി ഓഫ് റിസർച്ച് ആന്റ് ട്രാൻസ്ലേൽന്റെ   കീഴിലാണ് പ്രവർത്തിക്കുന്നത്. ചൈനയുടെ ന്യൂറോടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ വലിയ നിക്ഷേപ പദ്ധതികളുടെ ഭാഗമാണിത്.

ബ്രെയിൻകമ്പ്യൂട്ടർ ഇന്റർഫേസുകൾ പക്ഷാഘാതം പോലുള്ള രോഗങ്ങളിൽ ചികിത്സയ്ക്ക് സഹായകരമാകുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുമ്പോൾ, ഇതിന്റെ സൈനിക ഉപയോഗ സാധ്യതകളും ആശങ്ക ഉയർത്തുന്നുണ്ട്. മാനസിക ശേഷി വർധിപ്പിക്കൽ, യുദ്ധഭൂമിയിലെ പ്രവർത്തനക്ഷമത എന്നിവയ്ക്കായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന വിലയിരുത്തലുകളും നിലനിൽക്കുന്നു.

അമേരിക്കൻ സർവകലാശാലകളിൽ ലഭ്യമാകാത്ത രീതിയിൽ ഉയർന്ന നിലവാരമുള്ള സെമികണ്ടക്ടർ ഉപകരണങ്ങളും പ്രൈമേറ്റ് ഗവേഷണ സൗകര്യങ്ങളും ഇവിടെ ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ. ഇത് ഗവേഷണ പുരോഗതിക്ക് വലിയ സഹായമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതിക കൈമാറ്റം, ദേശീയ സുരക്ഷ, ശാസ്ത്രീയ തുറന്ന നിലപാട് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമാകുകയാണ്.