ന്യൂയോർക്ക്: അമേരിക്കൻ ബാങ്കിംഗ് ഭീമനായ ജെപി മോർഗൻ ചെയ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥയായ ലോർന ഹാജ്ദിനിയ്‌ക്കെതിരെ ലൈംഗികാതിക്രമവും അധികാരദുരുപയോഗവും ഉൾപ്പെടുന്ന ഗുരുതര ആരോപണങ്ങളുമായി കേസ് ഉയർന്നതോടെ വിവാദം ശക്തമായി. ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതിയിൽ ഏപ്രിൽ 27നാണ് കേസ് ഫയൽ ചെയ്തത്.
സ്ഥാപനത്തിലെ ഒരു ജൂനിയർ ജീവനക്കാരനാണ് സ്വന്തം പേര് വെളിപ്പെടുത്താതെ ആദ്യമായി 'ജോൺ ഡോ' എന്ന അപരനാമത്തിൽ പരാതി നൽകിയത്. ഭീഷണികളും വ്യക്തിപരമായ നഷ്ടസാധ്യതകളും ചൂണ്ടിക്കാട്ടിയാണ് തന്റെ തിരിച്ചറിയൽ വെളിപ്പെടുത്താത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് റിപ്പോർട്ടുകൾ പ്രകാരം ഇയാൾ ചിരയു റാണയാണെന്ന് തിരിച്ചറിഞ്ഞു.
2024 ആരംഭത്തിൽ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയതിനു പിന്നാലെ മോശം സമീപനങ്ങളും അസ്വസ്ഥതപ്പെടുത്തുന്ന പരാമർശങ്ങളും ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ഇത് സമ്മർദ്ദവും ഭീഷണിയും ഉൾപ്പെടുന്ന നിലയിലേക്ക് വളർന്നു. തന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം കരിയർ നശിപ്പിക്കുമെന്ന തരത്തിലുള്ള ഭീഷണികൾ ആവർത്തിച്ചുവെന്നുമാണ് ആരോപണം.
പരാതിയിൽ കൂടുതൽ ഗുരുതരമായ ആരോപണങ്ങളും ഉണ്ട്. പരാതിക്കാരനെ നിയന്ത്രിക്കാൻ അധികാരം ദുരുപയോഗം ചെയ്തുവെന്നും, ചില അവസരങ്ങളിൽ അനുമതിയില്ലാത്ത സമീപനങ്ങൾ ഉണ്ടായി എന്നുമാണ് അവകാശവാദം. ഇതിന്റെ പശ്ചാത്തലത്തിൽ 2024 അവസാനത്തോടെ പുതിയ ജോലി തേടാൻ ശ്രമിച്ചെങ്കിലും, അവസരങ്ങൾ തടസപ്പെട്ടുവെന്നുമാണ് അദ്ദേഹം പറയുന്നത്.
എന്നാൽ എല്ലാ ആരോപണങ്ങളും ലോർന ഹാജ്ദിനി നിഷേധിച്ചു 'ഇത്തരം യാതൊരു അനാചാരവും ഞാൻ നടത്തിയിട്ടില്ല. ആരോപണങ്ങൾ പൂർണ്ണമായും അസത്യമാണ്,' എന്നാണ് അവരുടെ നിയമസംഘത്തിന്റെ പ്രതികരണം. സ്ഥാപനമായ ജെപി മോർഗൻ ചെയ്‌സ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന നിലപാടാണ് എടുത്തത്. അന്വേഷണത്തിൽ പരാതിക്കാരൻ സഹകരിച്ചില്ലെന്നും ബാങ്ക് വ്യക്തമാക്കി.
ഇതിനിടെ, ഹാജ്ദിനി പരാതിക്കാരന്റെ നേരിട്ടുള്ള മേൽനോട്ട ഉദ്യോഗസ്ഥയല്ലായിരുന്നുവെന്നും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇരുവരും വ്യത്യസ്ത മാനേജിംഗ് ഡയറക്ടർമാർക്ക് കീഴിൽ പ്രവർത്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ശമ്പളവും പ്രമോഷനും സംബന്ധിച്ച അന്തിമ തീരുമാനങ്ങളിൽ ഹാജ്ദിനിക്ക് നേരിട്ട് അധികാരം ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ.
ഹാജ്ദിനി 2011ൽ ആണ് ജെ.പിമോർഗനിൽ ജോലിയിൽ പ്രവേശിച്ചത്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേൺ സ്‌കൂൾ ഓഫ് ബിസിനസിൽ പഠിച്ച അവർ പിന്നീട് ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പൂർത്തിയാക്കി. 2018ൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന അവർ 2021 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തുടരുകയാണ്.
ആരോപണങ്ങളും നിഷേധങ്ങളും രൂക്ഷമായതോടെ കേസ് ഇപ്പോൾ നിയമപരമായും സ്ഥാപനപരമായും കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുകയാണ്.
ജെ.പിമോർഗനിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ; കേസിനെ ചൊല്ലി വിവാദം
