പഞ്ചാബ് അസംബ്ലിയിൽ സംഘർഷം : മുഖ്യമന്ത്രി എത്തിയത് മദ്യലഹരിയിൽ എന്ന് പ്രതിപക്ഷം

പഞ്ചാബ് അസംബ്ലിയിൽ സംഘർഷം : മുഖ്യമന്ത്രി എത്തിയത് മദ്യലഹരിയിൽ എന്ന് പ്രതിപക്ഷം


അമൃത് സർ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് ചേർന്ന പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ വൻ സംഘർഷാവസ്ഥ. മുഖ്യമന്ത്രി ഭഗവന്ത്‌സിംഗ് മാൻ മദ്യപിച്ച് സഭയിൽ എത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണമാണ് വിവാദത്തിന് തുടക്കമായത്.

കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ്  ഖൈരയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. തുടർന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വ  വിഷയത്തെ കൂടുതൽ ശക്തമാക്കി. സഭയിലെ എല്ലാ വാതിലുകളും അടച്ച് എല്ലാ എംഎൽഎമാരുടെയും ആൽക്കഹോൾ പരിശോധന നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 'സംസ്ഥാനത്തിന്റെ തലവനെതിരെയാണ് ഗുരുതര ആരോപണം. സത്യം പുറത്തുകൊണ്ടുവരാൻ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കണം' എന്നും ബജ്വ പറഞ്ഞു.

ഇതിനിടെ ശിരോമണി അകാലിദളും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർത്തി. തൊഴിലാളി ദിനത്തിൽ മദ്യപിച്ച് സഭയിൽ എത്തിയത് ലജ്ജാകരമാണെന്ന് ആരോപിച്ച പാർട്ടി, സത്യം പുറത്തുകൊണ്ടുവരാൻ പൊതുജനങ്ങൾക്കു മുന്നിൽ ഡോപ്പ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. അസംബ്ലിയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും അവർ പങ്കുവച്ചു.

വിവാദം കനക്കുന്നതിനിടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ സഭയുടെ ഗൗരവം കാത്തുസൂക്ഷിക്കണമെന്ന് അംഗങ്ങളോട് അഭ്യർത്ഥിച്ചു. തൊഴിലാളി ദിനത്തിനായി വിളിച്ചുചേർത്ത പ്രത്യേക സമ്മേളനമാണിതെന്നും അനാവശ്യ വാദപ്രതിവാദങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ സമാധാനപരമായി തുടങ്ങിയ സമ്മേളനം പിന്നീട് ചൂടുപിടിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ചതിനെതിരെ ഖൈറയെ മുഖ്യമന്ത്രി ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് വ്യക്തിപരമായ പരാമർശങ്ങളിലേക്കും വാക്കേറ്റം നീങ്ങി. ഇതിനിടെയാണ് മാൻ മദ്യലഹരിയിലാണെന്ന ആരോപണം ഉയർന്നത്.

സംഭവം വിവാദമായതോടെ ഭരണകക്ഷിയായ ആംആദ്മി പാർട്ടി മുഖ്യമന്ത്രിക്കൊപ്പം ഉറച്ചുനിന്നു. പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

സഭയ്ക്ക് പുറത്തു മാധ്യമങ്ങളോട് പ്രതികരിച്ച ഖൈറ, മുഖ്യമന്ത്രി മറ്റു പരിപാടികളിലും മദ്യലഹരിയിൽ എത്തിയിട്ടുണ്ടെന്നാരോപിക്കുകയും ചെയ്തു. സംഭവത്തോടെ പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുകയാണ്.